വനനിയമ ഭേദഗതി: പ്രതിഷേധം കത്തുന്നു ; മന്ത്രി രാജിവയ്്ക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
1488694
Friday, December 20, 2024 8:01 AM IST
കരിമ്പൻ: 1961ലെ വനനിയമത്തിലെ നിർദിഷ്ട ഭേദഗതികൾക്കെതിരേ കേരളത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നിട്ടും ജനഹിതം കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കേണ്ടതിനു പകരം തികഞ്ഞ അലംഭാവം പുലർത്തുന്ന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്്ക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പിന് അമിത അധികാരം കൂടി നൽകുന്ന നിയമഭേദഗതികളെ ജനം ഭയാശങ്കകൾളോടെയാണ് വീക്ഷിക്കുന്നത്. ജനങ്ങൾക്ക് ഒപ്പമുണ്ട് എന്ന് പ്രഖ്യാപിച്ച സർക്കാർ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
നിയമ ഭേദഗതിയിലൂടെ മലയോരമേഖലകളിൽ എന്നും ജനങ്ങളുടെ പുരോഗതിക്കും കർഷകരുടെ സ്വൈര്യ ജീവിതത്തിനും തടസം സൃഷ്ടിക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് ജനങ്ങളോടു പകപോക്കൽ നടപടികൾ സ്വീകരിക്കുവാൻ കഴിയും. നാട്ടിൽ ഫോറസ്റ്റ് രാജ് നടപ്പിലാക്കാനും വനപാലകർക്ക് യഥേഷ്ടം ജനങ്ങളെ ദ്രോഹിക്കാനും അധികാരം നൽകുന്നതാണ് വനനിയമ ഭേദഗതി. വന നിയമഭേദഗതിക്കെതിരേ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ, സമുദായ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിയമഭേദഗതി ഒഴിവാക്കണം.
വന്യജീവി ആക്രമണങ്ങൾ മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾക്കും ജീവഹാനിക്കും വനംവകുദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ്് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
ഭേദഗതിക്കെതിരേ പ്രതിഷേധം
അടിമാലി: കർഷക കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനനിയമഭേദഗതി വിജ്ഞാപനത്തിനെതിരേ പ്രതിഷേധം നടന്നു. കർഷകരുൾപ്പെടയുള്ള ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
കർഷക കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ്് എസ്. വി. രാജീവ് നേതൃത്വം നൽകി. അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റോയി ജോൺ, എഫ്. രാജ, പി.എ. സജി, സിജോ പുല്ലൻ, ഹാപ്പി കെ. വർഗീസ്, കെ.എസ്. മൊയ്തു, എൻ. മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ബില്ലിന്റെ പകർപ്പ് കത്തിച്ചു
നെടുംങ്കണ്ടം: കേരള ഫോറസ്റ്റ് ആക്ടിലെ പുതിയ നിയമഭേദഗതി വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജ്ഞാപനത്തിന്റെ കരട് കത്തിച്ച് പ്രതിഷേധിച്ചു. വിഷയത്തിൽ തുടർസമരങ്ങൾ നടത്തുമെന്നും കർഷക കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കല്ലാർ, ചിന്നാർ ഫോറസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. എം.എൻ. ഗോപി, ഡിഡിസി ജന. സെക്രട്ടറി ജി. മുരളീധരൻ, ടോമി ജോസഫ്, എം.എസ്. മഹേശ്വരൻ, ടോമി തോമസ്, രാജേഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിൽ കത്തിച്ച് യൂത്ത് ഫ്രണ്ട് -എം
ഇടുക്കി: പൈനാവിലെ ഫോറസ്റ്റ് കണ്സർവേറ്ററുടെ കാര്യാലയത്തിന് മുന്നിൽ വനനിയമ ഭേദഗതി ബിൽ കത്തിച്ച് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ, സംസ്ഥാന ജനറൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം, വിപിൻ സി. അഗസ്റ്റിൻ, ആൽബിൻ വറപോളയ്ക്കൽ, ജോമി കുന്നപ്പള്ളിൽ, ഡിജോ വട്ടോത്ത്, പ്രിന്റോ ചെറിയാൻ, ബ്രീസ് മുള്ളൂർ, അനിൽ ആന്റണി, അജേഷ് ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജനങ്ങളോടുള്ള വെല്ലുവിളി: ആഗസ്തി
കട്ടപ്പന: വനനിയമ ഭേദഗതി പ്രകാരം വനം വകുപ്പിനു അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിവയ്ക്കുന്നത് ജനങ്ങളോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണെന്ന് എഐസിസി അംഗം അഡ്വ: ഇ. എം. അഗസ്തി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ, കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, കെ. എ. മാത്യു, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, ബിനോയി വെണ്ണിക്കുളം,ബാബു പുളിക്കൽ,ജോസ് ആനക്കല്ലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷക സായാഹ്ന ധർണ ഇന്ന്
വണ്ണപ്പുറം: നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ മുണ്ടൻ മുടി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4.30ന് പുരയിടം സിറ്റിയിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. കോ-ഓർഡിനേറ്റർ അഡ്വ. ആൽബർട്ട് ജോസ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു ഉദ്ഘാടനം ചെയ്യും.