സ്പോർട്സ് ആയുർവേദ ബ്ലോക്ക് ഉദ്ഘാടനം നടത്തി; കേരളത്തിലെ രണ്ടാമത്തെ സ്പോർട്സ് ആശുപത്രി
1488383
Thursday, December 19, 2024 7:38 AM IST
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നിർമിച്ച സ്പോർട്സ് ആയുർവേദ ബ്ലോക്കിന്റെ നിർമാണ പൂർത്തീകരണ ഉദ്ഘാടനം നടത്തി. മന്ത്രി വീണ ജോർജ് ഓണ്‍ലൈനായി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ആയുഷ് മിഷന്റെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ജു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗണ്‍സിലർ ശ്രീലക്ഷ്മി സുദീപ്, ഭാരതീയ ചികിത്സാവകുപ്പ് ഡിഎംഒ ഇൻ-ചാർജ് ഡോ. എസ്. ശ്രീജ, സൂപ്രണ്ട് പി.സി. ഷീല, സംഘാടക സമിതി കണ്‍വീനർ ഡോ. ആർ. വിനീത്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ, ഡോ. മാത്യു ജോസഫ് വെന്പിള്ളി, രാജാസ് തോമസ്, നിഷ കെ. ജോയി, പി.എ. സലിംകുട്ടി എന്നിവർ പ്രസംഗിച്ചു.
സ്പോർട്സ് ആയുർവേദ ബ്ലോക്കിന്റെ ഒന്നാംനില മാത്രമാണ് ഇതുവരെ പൂർത്തിയായത്. എല്ലാ സൗകര്യങ്ങളുമുള്ള അഞ്ചുനില മന്ദിരമാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പൂർത്തിയായ കെട്ടിടത്തിൽ ഡോക്ടർമാരുടെ കണ്‍സൾട്ടിംഗ് റൂമുകളും മറ്റുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. എന്നാൽ ഇതിനാവശ്യമായ ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അതിനാൽ ആശുപത്രി തുറക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരുമെന്നാണ് സൂചന.
തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയുടെ ഭാഗമായി 2009-ലാണ് ആയുർവേദ സ്പോർട്സ് റിസർച്ച് സെൽ പ്രവർത്തനമാരംഭിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെ ദേശീയ, അന്തർദേശീയ കായികതാരങ്ങൾ ഇവിടെ ചികിത്സ തേടിയെത്തിയിട്ടുണ്ട്.
എന്നാൽ ജില്ലാ ആശുപത്രിയിൽ തന്നെ പരിമിതമായ സൗകര്യത്തിലാണ് സ്പോർട്സ് വിഭാഗവും പ്രവർത്തിച്ചുവന്നിരുന്നത്. ഇതോടെയാണ് ആയുർവേദ സ്പോർട്സ് റിസർച്ച് സെല്ലിനായി പുതിയ മന്ദിരം നിർമിക്കാൻ അനുമതിയായത്.
റവന്യു വകുപ്പ് വിട്ടുനൽകിയ 43.24 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഡോക്ടർമാരുടെ പരിശോധനാ മുറികൾക്കു പുറമേ താരങ്ങൾക്ക് കിടത്തി ചികിത്സയ്ക്കുള്ള മുറികൾ, ആധുനിക രീതിയിലുള്ള ആയുർവേദ ചികിത്സാ സംവിധാനങ്ങൾ, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടെ നിർമിക്കാനുള്ള പദ്ധതിയാണ് ആശുപത്രി അധികൃതർ സർക്കാരിനു സമർപ്പിച്ചത്. കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ കായികതാരങ്ങൾക്കായുള്ള കേരളത്തിലെ രണ്ടാമത്തെ സ്പോർട്സ് ആശുപത്രിയാകും ഇത്.