മഴ, കാറ്റ്: ചിറക്കടവ് പഞ്ചായത്തിൽ 30 ലക്ഷത്തിന്റെ കൃഷിനാശം
1599972
Wednesday, October 15, 2025 11:27 PM IST
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും വീശിയടിച്ച കാറ്റിലും ചിറക്കടവ് പഞ്ചായത്തിൽ വ്യാപക കൃഷിനാശം. 30 ലക്ഷം രൂപയുടെ കൃഷിനാശമാണ് പഞ്ചായത്തിലുണ്ടായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പഞ്ചായത്തിലെ നാല്, ആറ്, ഏഴ്, എട്ട്, 12, 14 വാർഡുകളിലാണ് നാശം. ഇതിൽ ആറ്, എട്ട് വാർഡുകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായിരിക്കുന്നത്.
കുലച്ച 2500 വാഴകൾ, കുലയ്ക്കാത്ത 1000 വാഴകൾ, കായ്ക്കുന്ന 500 ജാതി, ടാപ്പ് ചെയ്യുന്ന 350 റബർ മരങ്ങൾ, ടാപ്പ് ചെയ്യാത്ത 150 റബർ മരങ്ങൾ, 20000 കപ്പ, 100 പൈനാപ്പിൾ, കായ്ക്കുന്ന 50 തെങ്ങ്, കായ്ക്കാത്ത 25 തെങ്ങ് എന്നിങ്ങനെയാണ് നശിച്ചിരിക്കുന്നത്.
ചിറക്കടവ് കൃഷി ഓഫീസർ പ്രജിത പ്രകാശ്, കൃഷി അസിസ്റ്റന്റ് ശ്രീജ മോഹൻ തുടങ്ങിയവർ കൃഷിയിടങ്ങൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
കൃഷിഭവനുകളിൽ ലഭിച്ച വിവരപ്രകാരമുള്ള കണക്കാണ് ഇതെങ്കിലും യാഥാർഥ്യം ഇതിലേറെയാണ്. കൃഷിഭവനുകളിൽ കൃഷിനാശം റിപ്പോർട്ട് ചെയ്യാത്ത കർഷകരുമുണ്ട്.