കാറ്റിലും മഴയിലും നെടുംകുന്നം മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടം
1599958
Wednesday, October 15, 2025 7:20 AM IST
നെടുംകുന്നം: ശക്തമായി തുടരുന്ന തുലാവർഷത്തിൽ നെടുംകുന്നം മേഖലയിൽ വീടുകൾ തകർന്നും കൃഷിനശിച്ചും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചും ലക്ഷങ്ങളുടെ നഷ്ടം.
ശക്തമായ കാറ്റിലും മഴയിലും നെടുംകുന്നത്ത് 30ഉം കങ്ങഴയിൽ 10ഉം വീടുകളും തകർന്നു. കഴിഞ്ഞ ദിവസത്തെ കാറ്റിൽ നെടുംകുന്നം ഇടമുറിയിൽ കെ.ജെ. ജോണിന്റെ വീടിനു മുകളിൽ മരം വീണു മേൽക്കൂര തകർന്നു.
കങ്ങഴ പാറയ്ക്കൽ പൊന്നമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. പൊങ്ങൻപാറയിൽ അനീഷിന്റെ വീടിനു മുകളിൽ മരംവീണ് മേൽക്കൂര തകർന്നു. കങ്ങഴ പടലുങ്കൽ കാരുവാക്കൽ വിജയന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി നശിച്ചു.
നിരവധി ഇടങ്ങളിൽ തേക്ക്, ആഞ്ഞിലി, പ്ലാവ്, റബർ തുടങ്ങിയ മരങ്ങൾ കടപുഴകി വീണ് വൈദ്യുത പോസ്റ്റുകളും ലൈനും നശിച്ചു. നാട്ടുകാരും കെഎസ്ഇബിയും അഗ്നിരക്ഷാസേനയും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റുന്നത്. കെഎസ്ഇബി കറുകച്ചാൽ, ഇടയിരിക്കപ്പുഴ സെക്ഷനുകൾക്ക് 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
ഇടയിരിക്കപ്പുഴയിൽ 50 ലക്ഷം രൂപയുടെയും കറുകച്ചാൽ സെക്ഷൻ പരിധിയിൽ 10 ലക്ഷം രൂപയുടെയും നഷ്ടമാണ് ഉണ്ടായത്. കറുകച്ചാൽ സെക്ഷൻ പരിധിയിൽ 32 ഇടത്ത് മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണു. എട്ട് എൽടി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.
ഇടയിരിക്കപ്പുഴ സെക്ഷനിൽ 15 എൽടി വൈദ്യുതപോസ്റ്റുകളും, അഞ്ച് എച്ച്ടി വൈദ്യുതി പോസ്റ്റുകളും തകർന്നു. കങ്ങഴ, കോവേലി, ആര്യാട്ടുകുഴി, ചാരംപറമ്പ്, അഞ്ചാനി, ഇടയിരിക്കപ്പുഴ, പത്തനാട് എന്നിവിടങ്ങളിലും വെള്ളാവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ഉൾപ്പെടെ 200ലധികം സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുത കമ്പികൾ തകർന്നത്. നിരവധി കർഷരുടെ റബർ, കപ്പ, വാഴ, തുടങ്ങിയവ നശിച്ചു.
നെടുംകുന്നം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആയിരത്തോളം ഏത്തവാഴകളും നൂറിലേറെ റബർമരങ്ങളും നശിച്ചു. നെടുംകുന്നം വീരന്മല തങ്കച്ചന്റെ വാഴക്കൃഷിയും പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ അജിയുടെ കപ്പയും ഏത്തവാഴകളും കാറ്റിൽ നശിച്ചു.