കനാല്വശങ്ങള് കയര്‍ഭൂവസ്ത്രം ധരിപ്പിക്കുന്ന പദ്ധതിക്കു തുടക്കം
1600216
Thursday, October 16, 2025 7:22 AM IST
കുറുപ്പന്തറ: ഓമല്ലൂര്‍ കനാല്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി മാഞ്ഞൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന കനാല്‍ വശങ്ങള് കയര്‍ ഭൂവസ്ത്രം ധരിപ്പിക്കുന്ന പദ്ധതിക്കു തുടക്കമായി. കനാല്‍ വശങ്ങളിലുള്ള മണ്ണൊലിപ്പു തടഞ്ഞുകൊണ്ട് കനാല്‍ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കനാലിന്റെ വശങ്ങളില് കയര്‍ഭൂവസ്ത്രം ധരിപ്പിക്കുന്നത്.
1.25 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിപ്രദേശത്തിന്റെ 500 മീറ്ററോളം വരുന്ന കനാല്‍ വശങ്ങളാണ് കയര്‍ ഭൂവസ്ത്രം ചെയ്യുന്നത്. സമ്മര്ഗ്രീന് എന്നു പേരിട്ടിരിക്കുന്ന കനാല്‍ ടൂറിസ സൗന്ദര്യവത്കരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നത് പ്രദേശവാസികളുടെ കൂട്ടായ്മയായ വീ ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് സംഘടനയാണ്.
കയര്‍ ഭൂവസ്ത്ര പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം, വീ ക്യാന്‍ സര്‍വീസ് ആൻഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് പ്രഫ. ഡോ. ജെയ്സണ്‍ പി. ജേക്കബിന്റെ അധ്യക്ഷതയില്‍ മാഞ്ഞൂര്‍ പഞ്ചായത്തംഗങ്ങളായ ചാക്കോ മത്തായിയും ലിസി ജോസും സംയുക്തമായി നടത്തി.
മാഞ്ഞൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയര്‍ മിനി, ഓവര്‍സിയര്‍ ആതിര എന്നിവരാണ് പ്രവര്‍ത്തികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. കനാല്‍ പരിസരത്തു നടന്ന യോഗത്തില്‍ ഫൗണ്ടേഷന് ഭാരവാഹികളായ ജോയ് പാറക്കാല, ജോണി വെങ്ങിണിക്കപ്പറമ്പില്, തമ്പി പുല്‍പ്ര എന്നിവര്‍ പ്രസംഗിച്ചു.