തേന്മധുരം പദ്ധതി ഉദ്ഘാടനം
1600275
Friday, October 17, 2025 4:32 AM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തേന്മധുരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. തേനിനും തേനുത്പന്നങ്ങള്ക്കും ന്യായവില ലഭ്യമാക്കാന്‍ വിദേശ വിപണി കണ്ടെത്തുവാന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് അജിത രതീഷ് അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീര്‍, ടി.ജെ. മോഹനന്, സാജന് കുന്നത്ത്, ടി.എസ്. കൃഷ്ണകുമാര്‍, രത്നമ്മ രവീന്ദ്രന്, ജൂബി അഷറഫ്, അനു ഷിജു, പഞ്ചായത്തംഗം സിന്ദു സോമന്, വ്യവസായ വകുപ്പ് മേധാവി കെ.കെ. ഫൈസല്‍, സുറുമി സലീം, അശ്വതി, അശ്വിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തേന്‍ കര്‍ഷകര്‍ക്കാവശ്യമായ തേനീച്ചയും പെട്ടികളും എക്സട്രാക്ടര്‍, സ്മോക്കര്, തൊപ്പി, നൈഫ്, നെറ്റ് എന്നിവയും സൗജന്യമായി വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വിഴിക്കത്തോട് കേന്ദ്രമായി തേന്‍ സംസ്കരണ യൂണിറ്റും സ്ഥാപിക്കും. ഏഴു പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുത്ത അഞ്ച് കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്. ഏഴു ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.