പാമ്പാടി ടൗണില്‍ കാല്‍നടക്കാര്‍ക്ക് പുല്ലുവില
1599936
Wednesday, October 15, 2025 7:01 AM IST
പാമ്പാടി: ദേശീയപാതയില്‍ ഏറെ തിരക്കുള്ള പാമ്പാടി ടൗണിലൂടെ കാല്‍നടയാത്രക്കാര്‍ നടക്കുന്നത് ജീവന് പണയംവച്ച്. പാമ്പാടിയിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളുമുള്ള എംജിഎം സ്കൂള്‍ ജംഗ്ഷന് മുതല്‍ കാളച്ചന്ത വരെയുള്ള ഭാഗത്താണ് കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വരുന്ന വാഹനങ്ങള്‍ റോഡിന്റെ ഇരുവശവും പാര്‍ക്ക് ചെയ്യുന്നതോടെ കാല്‍നടയാത്രക്കാര്‍ റോഡില്‍ കയറി നടക്കേണ്ടി വരും. നിരവധി സ്കൂള്‍കുട്ടികള്‍ ദിവസേന യാത്രചെയ്യുന്ന ഈ ഭാഗത്ത് അപകടസാധ്യത വളരെ കൂടുതലാണ്.
ബസ് സ്റ്റാന്‍ഡിന്റെ ഇരുവശങ്ങളിലും ഓട്ടോ സ്റ്റാന്‍ഡും കൂടിയായതോടെ സ്റ്റാന്‍ഡില്‍ ബസിറങ്ങുന്നവര്‍ക്ക് റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടുണ്ട്. നല്ല തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും റോഡിനിരുവശവും വാഹനങ്ങളുടെ നീണ്ടനിരയാണ്.
നോ പാര്‍ക്കിംഗ് ഏരിയയില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നു. മഴ പെയ്താല്‍ മലിനജലത്തില്കൂടി വേണം നടക്കാന്‍.
വേണ്ടത്
നടപ്പാത ഉണ്ടാക്കുവാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.
ബസ് സ്റ്റാന്ഡിനിരുവശവുമുള്ള ഓട്ടോ സ്റ്റാന്‍ഡുകൾ പുനഃക്രമീകരിക്കണം.
വ്യാപാരസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനുള്ള സൗകര്യം കണ്ടെത്തണം.