വീടിന് ഭീഷണിയായി വൻ വൃക്ഷം
1599980
Wednesday, October 15, 2025 11:27 PM IST
കുന്നോന്നി: വീടിന് അപകടഭീഷണിയായി കൂറ്റൻ ആഞ്ഞിലിമരം. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട കുന്നോന്നി ഹരിജൻ കോളനി വക സ്ഥലത്തു നിൽക്കുന്ന നൂറ് ഇഞ്ചിന് മുകളിൽ വണ്ണമുള്ള ആഞ്ഞിലിയാണ് മണ്ഡപത്തിക്കുന്നേൽ കുട്ടിയച്ചന്റെ വീടിന് അപകടഭീഷണിയായി നിൽക്കുന്നത്.
മരം വെട്ടിമാറ്റണമെന്ന് ആവശ്യ പ്പെട്ട് പാലാ ആർഡിഒ, വില്ലേജ്, പഞ്ചായത്ത് അധികൃതർ മുൻപാകെ പരാതികൾ നൽകിയിട്ടും പരിഹാരമായില്ല. ശക്തമായ കാറ്റും മഴയും വരുമ്പോൾ വീട്ടിലുള്ളവർ ഭയത്തോടു കൂടിയാണ് കഴിയുന്നത്. നിലവിൽ അതിരിലുള്ള കെട്ടിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതുമൂലം എതു നിമിഷവും മറിഞ്ഞുവീഴുവാൻ സാധ്യതയേറെയാണ്. അപകട സാധ്യതയുള്ള വൻ വൃക്ഷം അടിയന്തരമായി വെട്ടിമാറ്റി വീടിനുംവീട്ടിൽ താമസിക്കുന്നവർക്കും സുരക്ഷ ഒരുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.