അനധികൃത സംഘടനയുടെ പേരിൽ പണപ്പിരിവ്; കർശന നടപടി സ്വീകരിക്കുമെന്ന് പ്രവാസി കമ്മീഷൻ
1599941
Wednesday, October 15, 2025 7:01 AM IST
കോട്ടയം: പെൻഷൻ വാഗ്ദാനം ചെയ്തു പ്രവാസികളിൽനിന്നു വ്യാപക പണപ്പിരവു നടത്തിയ അനധികൃത സംഘടനയ്ക്കെതിരേ കർശന നടപടിക്ക് ശിപാർശ ചെയ്യുമെന്ന് സംസ്ഥാന പ്രവാസി കമ്മീഷൻ അറിയിച്ചു.
കോട്ടയം ആസ്ഥാനമായുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ അംഗത്വ ഫീസ്, അംശദായം എന്നീയിനങ്ങളിലാണ് പണം വാങ്ങിയത്. ഇരുപത്തയ്യായിരത്തോളം പേർ അംഗത്വമെടുത്തതായാണ് കമ്മീഷന് ലഭിച്ച വിവരം. ഇവർക്ക് അംഗത്വ കാർഡ് നൽകുകയും ചെയ്തു. ഈ സംഘടനയ്ക്ക് നോർക്കയുടെയോ നോർക്ക റൂട്ട്സിന്റെയോ അംഗീകാരമില്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് സോഫി തോമസ് പറഞ്ഞു.
ഇന്നലെ കളക്ടറേറ്റിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ ഈ സംഘടനയ്ക്കെതിരായ പരാതികളും പരിഗണിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പരാതിക്കാരോട് കമ്മീഷൻ ചോദിക്കുന്നതിനിടെ മറ്റ് ആവശ്യങ്ങളുമായി അദാലത്തിലെത്തിയ നിരവധി പേർ ഈ സംഘടനയ്ക്ക് പണം നൽകിയതായി വെളിപ്പെടുത്തി. സംഘടനയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് കമ്മീഷൻ നിർദേശം നൽകുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമത്തിനെന്ന പേരിൽ തട്ടിപ്പു നടത്തുന്നവരുടെ കെണിയിൽ വീഴുന്നവരുടെ പരാതികൾ വർധിച്ചുവരികയാണ്. അംഗീകൃതമല്ലാത്ത സംഘടനകൾക്കെതിരേ ജാഗ്രത വേണം. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ മുൻകൈ എടുത്ത് പ്രചാരണം നടത്തും. പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുകയും ചെയ്യും. അദാലത്തിൽ ആകെ 126 പരാതികൾ പരിഗണിച്ചു.
പുതിയതായി ലഭിച്ച 74 പരാതികളും ഇതിൽ ഉൾപ്പെടുന്നു. കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.