മുണ്ടക്കയം-വാഗമൺ റോഡ് നിർമാണോദ്ഘാടനം നാളെ
1600277
Friday, October 17, 2025 4:32 AM IST
മുണ്ടക്കയം: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലേക്കു മധ്യകേരളത്തിൽനിന്ന് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന മുണ്ടക്കയം - ഇളങ്കാട് - വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം നാളെ വൈകുന്നേരം നാലിന് നടക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, വൈസ് പ്രസിഡന്റ് രജനി സുധീർ, കെ.ജെ തോമസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
17 കോടിയുടെ പദ്ധതി
മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് നിലവിൽ ഇളംകാടിനു സമീപം വല്യേന്തവരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് പുതിയതായി ഏഴു കിലോമീറ്റർ നിർമിച്ചാണ് വാഗമണിൽ എത്തിച്ചേരുക. ഇതിനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ബജറ്റിൽ രണ്ടു ഘട്ടമായി 17 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ഈ തുക വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നിർമാണം നടത്തുന്നത്. ഈ റോഡ് യാഥാർഥ്യമാകുന്നതോടുകൂടി മുണ്ടക്കയത്തുനിന്ന് 22 കിലോമീറ്റർ മാത്രം സഞ്ചരിച്ചു വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിൽ എത്തിച്ചേരാൻ കഴിയും.
കൂടാതെ എരുമേലി ശബരിവിമാനത്താവളം യാഥാർഥ്യമാകുമ്പോൾ ദേശീയ - അന്താരാഷ്ട്ര തലങ്ങളിൽനിന്ന് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് 36 കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇതുവഴി വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. ഇതു ഭാവിയിൽ വാഗമണിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർധിപ്പിക്കും. പത്രസമ്മേളനത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം, വൈസ് പ്രസിഡന്റ് രജനി സുധീർ, പി.കെ. സണ്ണി എന്നിവരും പങ്കെടുത്തു.