എഎസ്ഐഎസ്സി കേരള റീജണല്‍ സ്കൂള്‍ കലോത്സവം ഇന്നും നാളെയും മാന്നാനം കെഇ സ്കൂളില്‍
1600282
Friday, October 17, 2025 4:38 AM IST
കോട്ടയം: അസോസിയേഷന് ഓഫ് സ്കൂള്‍സ് ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് (എഎസ്ഐഎസ്സി) കേരള റീജണല്‍ സ്കൂള്‍ കലോത്സവം രംഗോത്സവ് ഇന്നും നാളെയും മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കും.
സംസ്ഥാനത്തെ 160 ഐസിഎസ്ഇ, ഐഎസ് സി സ്കൂളുകളില്‍നിന്നായി 2000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ആറ് സോണുകളിലായി നടന്ന സോണല്‍തല മത്സരങ്ങളില്‍ വിജയികളായവരാണ് റീജണല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. 10 വേദികളിലായി 33 വ്യത്യസ്ത മത്സരങ്ങളാണ് നടക്കുക. ഇന്നുച്ചയ്ക്ക് 12ന് ഉദ്ഘാടന സമ്മേളനത്തില്‍ ചലച്ചിത്ര താരം റോണി ഡേവിഡ് വിശിഷ്ടാതിഥിയായിരിക്കും.
കേരള റീജണ്‍ പ്രസിഡന്റ് ഫാ. സില്‍വി ആന്റണി അധ്യക്ഷതവഹിക്കും. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധിപന് റവ.ഡോ. കുര്യന് ചാലങ്ങാടി സിഎംഐ, കെഇ റസിഡന്റ്സ് പ്രിഫക്ട് ഫാ. ഷൈജു സേവ്യര്‍ സിഎംഐ, കെഇ സ്കൂള്‍ ബര്‍സാര്‍ ഫാ. ബിബിന്‍ തോമസ് സിഎംഐ, കേരള റീജണല്‍ സ്കൂള്‍ കലോത്സവം കോഓര്‍ഡിനേറ്റര്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
18നു വൈകുന്നരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ആന്റണി ഇളന്തോട്ടം സിഎംഐ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിനു വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് എഎസ്ഐഎസ് സി കേരള റീജണ്‍ സെക്രട്ടറിയും ട്രഷററും മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, വൈസ്പ്രിന്‍സിപ്പല്‍ റോയി മൈക്കിള്‍, അക്കാഡമിക് ഡയറക്ടര്‍ ഡോ. കെ.കെ. മോനിച്ചന്, കോഓഡിനേറ്റര്‍ ലെജി ഭാസ്കര്‍ എന്നിവര്‍ അറിയിച്ചു.