പാറത്തോട് - പാലപ്ര റോഡ് ബിഎം ആൻഡ് ബിസി റീടാറിംഗിന് ടെൻഡർ ക്ഷണിച്ചു
1600278
Friday, October 17, 2025 4:32 AM IST
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 18,19 വാർഡുകളിലെ ജനങ്ങളുടെ ഗതാഗത മാർഗമായ പാറത്തോട് - പാലപ്ര - കള്ളുവേലി - വേങ്ങത്താനം റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാറിംഗ് നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
25 വരെയാണ് ടെൻഡർ സമർപ്പിക്കാവുന്നത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 9.7 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രളയക്കെടുതികൾ മൂലവും കേരള വാട്ടർ അഥോറിറ്റി ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് റോഡ് കുഴിച്ചതിനാലും മറ്റും ഏറെ താറുമാറായ അവസ്ഥയിലാണ് റോഡിന്റെ നിലവിലെ സ്ഥിതി.
പാറത്തോട് പഞ്ചായത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗത്തോളം വരുന്ന പാലപ്ര മേഖലയുടെ ഏക ഗതാഗതമാർഗമായ ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാർ ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ, ഓടകൾ, കലുങ്കുകൾ മുതലായവയും റോഡ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കി ഏറ്റവും മികച്ച നിലയിലാണ് പുനർനിർമിക്കുകയെന്ന് എംഎൽഎ അറിയിച്ചു.
ഇതോടൊപ്പം ഈ റോഡിന്റെ ഒരു അനുബന്ധ റോഡായ പാറത്തോട് - പഴൂത്തടം - ചേറ്റുതോട് - പിണ്ണാക്കനാട് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് ഒന്പത് കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിച്ചതായും എംഎൽഎ അറിയിച്ചു.