അഞ്ഞൂറിലേറെ കുടുംബങ്ങളിലേക്ക് കത്തയച്ച് വിദ്യാലയമുത്തശി
1599979
Wednesday, October 15, 2025 11:27 PM IST
കുറവിലങ്ങാട്: അഞ്ഞൂറിലേറെ കുടുംബങ്ങളിലേക്ക് കത്തയച്ച് വിദ്യാർഥിക്കൂട്ടം. നാടിന്റെ വിദ്യാലയ മുത്തശിയായ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് വേറിട്ട തപാൽദിനാഘോഷം നടത്തിയത്. മക്കളുടെ വടിവൊത്ത അക്ഷരങ്ങളിൽ നിറഞ്ഞ് തപാൽകാർഡുകൾ വീടുകളിലെത്തിയത് രക്ഷിതാക്കൾക്കും ഏറെ സന്തോഷമായി. ലഹരിവിരുദ്ധ സന്ദേശങ്ങളുൾക്കൊള്ളിച്ചാണ് തപാൽ കാർഡ് ഒരുക്കിയത്.
ഓർമകളുടെ തേരിലേറിയ പ്രവർത്തനത്തിൽ വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും ചേർന്നാണ് നേതൃത്വം നൽകിയത്. ആഘോഷങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സ്കൂൾ മാനേജ്മെന്റും രംഗത്തെത്തി.
സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അഡാർട്ട് പാലാ ഡയറക്ടർ ഫാ. ജയിംസ് പൊരുന്നോലിൽ, സ്കൂൾ അസി. മാനേജർ ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരക്കൽ, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, പിടിഎ പ്രസിഡന്റ് ബിജു താന്നിക്കത്തറപ്പിൽ, പഞ്ചായത്തംഗം ജോയ്സ് അലക്സ്, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.