വഴി കെട്ടിയടയ്ക്കൽ; തറവട്ടത്ത് സംഘർഷം
1600214
Thursday, October 16, 2025 7:22 AM IST
വൈക്കം: മത്സ്യത്തൊഴിലാളികൾ തലമുറകളായി ഉപയോഗിച്ചുവരുന്ന കായലോരത്തെ വഴിയും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമിച്ച കൽക്കെട്ടും റിസോർട്ട് അധികൃതർ കെട്ടിയടയ്ക്കാൻ ശ്രമിച്ചെന്നാരോപിച്ചു ചെമ്പ് തറവട്ടത്തു സംഘർഷം.
മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടത്ത് കായലോരത്ത് കഴൂന്നിൽ തോടിനു കുറുകെയുള്ള കക്കാപ്പാലം സമീപറോഡിന്റെ കൽക്കെട്ടു കൈയേറിയെന്നാണ് പരാതി. ഇവിടെ റിസോർട്ട് അധികൃതർ കോൺക്രീറ്റ് ചെയ്തു വഴി അടച്ചുകെട്ടാൻ ശ്രമിച്ചത് പഞ്ചായത്ത് അംഗം വി.ആർ. അനിരുദ്ധന്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്നു റിസോർട്ട് ഉടമയുമായി വാക്കേറ്റമുണ്ടായി. പ്രദേശത്തെ മത്സ്യ-കക്ക തൊഴിലാളികൾ കൂട്ടമായെത്തി പ്രതിഷേധിച്ചതോടെ റിസോർട്ട് അധികൃതർ നിർമാണം നിർത്തിവച്ചു.
കൈയേറിയെന്നു പരാതി
രണ്ടു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച 75 മീറ്റർ കരിങ്കൽക്കെട്ടിലെ കായലിനോടു ചേരുന്ന ഭാഗം റിസോർട്ടുകാർ മതിൽ കെട്ടിയതോടെ ഈ ഭാഗത്തുകൂടി മത്സ്യത്തൊഴിലാളികൾക്കു പോകാനാവാത്ത സ്ഥിതിയായെന്നാണ് ഇവരുടെ പരാതി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കെട്ടിയ കൽക്കെട്ട് കൈയേറിയെന്ന് ആരോപിച്ച് ഗ്രാമശ്രീ പുരുഷ സ്വയം സഹായ സംഘം നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലത്രേ. ഇതിനിടയിലാണ് മത്സ്യത്തൊഴിലാളികൾ വള്ളമടുപ്പിച്ച് കക്കയും മത്സ്യവും വലയുമൊക്കെ കരയിലിറക്കി ട്രോളിയിലേറ്റി കൊണ്ടുപോകുന്ന വഴി കെട്ടിയടയ്ക്കാൻ ശ്രമം ഉണ്ടായതെന്നും ഇവർ പറയുന്നു.
വാങ്ങിയതെന്ന് റിസോർട്ടുകാർ
ചെമ്പ് കയർ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം തങ്ങൾ വിലയ്ക്കു വാങ്ങിയെന്നും മത്സ്യത്തൊഴിലാളികൾക്കു കടവിലെത്തി വള്ളത്തിൽ കയറാനായി ഒരു മീറ്റർ നടപ്പാത അനുവദിക്കാമെന്നുമാണ് റിസോർട്ട് അധികൃതർ പറയുന്നത്. എന്നാൽ, കുറഞ്ഞത് ഒന്നര മീറ്റർ വീതിയിൽ വഴി ലഭിച്ചാലേ തങ്ങൾക്കു കക്കയും മറ്റും നിറച്ച ട്രോളി തള്ളിക്കൊണ്ടുപോകാൻ കഴിയൂയെന്നാണ് തൊഴിലാളികളുടെ വാദം.
ചെമ്പ് പഞ്ചായത്തിലെ മത്തുങ്കൽ, വാക്കശേരി, മറവൻതുരുത്തിലെ വാഴേകാട്, മേക്കര, തറവെട്ടം, ചാത്തനാട് ഭാഗങ്ങളിലെ ആയിരത്തോളം മത്സ്യ, കക്ക തൊഴിലാളികൾ ഈ കടവുമായി ബന്ധപ്പെട്ടാണ് മത്സ്യബന്ധനത്തിനു പോകുന്നത്. ഒരു മാസം കഴിയുമ്പോൾ കായലിൽ ലവണാംശമേറും. വള്ളക്കടവിനോടു ചേർന്ന കക്കാപാലത്തിനു മുന്നിൽ ഓരുമുട്ട് സ്ഥാപിക്കുന്നതോടെ ഉൾപ്രദേശത്തുള്ളവരുടെ വളളങ്ങളുംകൂടി എത്തുന്നതോടെ വളളക്കടവുമുതൽ കായലോരംവരെ വള്ളങ്ങളുടെ നീണ്ട നിര ഉണ്ടാകും.
തലമുറകളായുള്ള വഴി
തലമുറകളായി മത്സ്യബന്ധനത്തിനു പോകുന്ന വഴിയാണിത്. ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ കായലോര മേഖലയിലുള്ളവർ മരണാനന്തര ചടങ്ങിന്റെ ഭാഗമായി പിണ്ഡം മുങ്ങാനായി കായലിലേക്കു പോകുന്ന കൽക്കെട്ട് റിസോർട്ടുകാർ മതിൽ കെട്ടി.
ഇതോടെ വഴി അടഞ്ഞു. റിസോർട്ടിന്റെ സ്ഥലം അളന്നുതിരിച്ച് വഴി പുനഃസ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വി.ആർ. അനിരുദ്ധൻ
പഞ്ചായത്ത് അംഗം
മറവൻതുരുത്ത്