അപകടത്തിലായ മതിൽ പൊളിച്ചുനീക്കി
1599976
Wednesday, October 15, 2025 11:27 PM IST
എരുമേലി: കഴിഞ്ഞ ദിവസം ഏതാനും ഭാഗം ഇടിഞ്ഞുവീണ മതിൽ ഇന്നലെ പൂർണമായും പൊളിച്ചു നീക്കി ബിഎസ്എൻഎൽ അധികൃതർ. എരുമേലിയിൽ ബിഎസ്എൻഎൽ ഓഫീസിന്റെ മതിൽക്കെട്ടാണ് കുറെ ഭാഗം പൊളിഞ്ഞ നിലയിൽ അപകടത്തിലായിരുന്നത്.
ഏതു സമയത്തും മതിൽ റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന നിലയിലാണെന്ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അപകടം ഒഴിവാക്കാൻ മതിൽ പൊളിച്ചു മാറ്റണമെന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ബിഎസ്എൻഎൽ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മതിൽ പൊളിച്ചു നീക്കുന്നതിന് നടപടികൾ കൈക്കൊണ്ടത്.
എരുമേലി പഞ്ചായത്ത് ഓഫീസിനടുത്ത് റോഡരികിലാണ് ബിഎസ്എൻഎൽ ഓഫീസ്. ഇതിന് മുമ്പിൽ 20 അടിയോളം ഉയരത്തിലുള്ള പഴക്കമേറിയ ചുറ്റുമതിൽ മരങ്ങളുടെ വേരുകൾക്കിടയിൽപ്പെട്ട് പിളർന്ന് റോഡിലേക്ക് ചെരിഞ്ഞ നിലയിലായിരുന്നു.
യാത്രക്കാരും വാഹനങ്ങളും നിറയുന്ന റോഡിൽ അപകടത്തിലായിരുന്ന മതിൽ പൊളിച്ചുമാറ്റിയതോടെ അപകടഭീതി ഒഴിഞ്ഞു.