റോഡരികുകള്‍ കാടുമൂടി: അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാര്‍
1460589
Friday, October 11, 2024 7:05 AM IST
കടുത്തുരുത്തി: റോഡരികുകള്‍ കാടുമൂടി. അപകട ഭീഷിണിയില്‍ കാല്‍നടയാത്രക്കാര്‍. റോഡരികില്‍ വളര്ന്നുനില്ക്കുന്ന കാടും പടലും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് മുതല്‍ ഇടക്കര വളവുവരെയുള്ള ഭാഗത്തുകൂടി സഞ്ചരിക്കാന്പോലുമാവാത്ത വിധത്തിലാണ് റോഡരികില്‍ കാടുമൂടിയിരിക്കുന്നത്.
വാഹനങ്ങള്‍ വരുന്ന സമയത്ത് റോഡരികിലേക്കു ചേര്ന്നുനില്ക്കാന്പോലും കഴിയാത്ത അവസ്ഥയാണ്. പുല്ലും വള്ളിപ്പടര്‍പ്പുകളും റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. ഇഴജന്തുക്കളും മറ്റും കാട് മൂടിയ ഭാഗത്ത് താവളമാക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. ഭയത്തോടെയാണ് ആളുകള്‍ ഇതുവഴി സഞ്ചരിക്കുന്നത്.
ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയില്‍ അപകടസാധ്യത വര്‍ധിക്കുകയാണ്. ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ പലഭാഗത്തും റോഡരികില്‍ പുല്ലും പള്ളയും റോഡിലേക്ക് ഇറങ്ങി വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവ യഥാസമയം നീക്കം ചെയ്യാതിരിക്കുന്നത് രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്.
കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ റോഡരികിലെ പുല്ലും പള്ളയും നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തുകളും സംയുക്തമായി കര്‍മപദ്ധതി ആവിഷ്കരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.