വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 10 ഭിന്നശേഷി കുരുന്നുകൾ
1591600
Sunday, September 14, 2025 6:35 AM IST
വൈക്കം: കേരള സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വിമ്മിംഗ് തെറാപ്പി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കായി വേമ്പനാട്ട് കായലിൽ ലോക റിക്കാർഡിനായി നീന്തൽ മത്സരം സംഘടിപ്പിച്ചു.
കേരളത്തിൽ ആദ്യമായാണ് ഭിന്നശേഷിയുള്ള 10 കുട്ടികൾ വേൾഡ് റിക്കാർഡ് സ്വിമ്മിംഗ് നടത്തിയത്. ജലദുരന്തങ്ങളുടെ ആഘാതം കുറച്ച് ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിനാണ് മത്സരം നടത്തിയതെന്ന് അക്കാഡമി അധികൃതർ പറഞ്ഞു.
കേരളത്തിലെ ദുരന്തനിവാരണ പരിശീലന പ്രവർത്തനങ്ങളിൽ വിദഗ്ധ സേവനം ചെയ്യുന്നവരുടെ പാനലാണ് ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമി. എമർജിങ് വൈക്കവും ജെ.ആർ.എസ് അക്കാഡമിയും സംയുക്തമായി സുരക്ഷാ മുൻകരുതലുകൾ പാലിച്ചു വേമ്പനാട്ട് കായലിൽ നടത്തിയ നീന്തൽ ഇന്നലെ രാവിലെ 7.30ന് അമ്പലക്കടവിൽനിന്ന് ആരംഭിച്ച് വൈക്കം ബീച്ചിൽ സമാപിച്ചു.
മൂന്നര വയസുകാരി മുതൽ 10 വയസുകാരൻ വരെ മത്സരത്തിൽ പങ്കെടുത്തു. എ. മനാഫിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദനയോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൾ കലാം ആസാദ്, ചലച്ചിത്ര പിന്നണിഗായകൻ ദേവാനന്ദ് അബ്ദുൾ കലാം ആസാദ്, കെ.എം.എ സലിം, ഫാ. അലൻ തുടങ്ങിയവർ സംബന്ധിച്ചു.