അതിരൂപതയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും "സ്വന്തം ബൈബിള്‍' ചരിത്ര പദ്ധതിക്കു തുടക്കം
1591602
Sunday, September 14, 2025 6:35 AM IST
നൂറുമേനി വചനപഠന പദ്ധതി സീസണ് നാലിലേക്ക്
ചങ്ങനാശേരി: ലോകത്തിലെ ഏറ്റവും വലിയ വചന പഠന പദ്ധതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന നൂറുമേനി വചനപഠന മത്സരം ചരിത്രംകുറിച്ച് സീസണ്- നാലിലേക്കു കടന്നു. വചനവും ബൈബിളും അതിരൂപതയിലെ മുഴുവന്‍ അംഗങ്ങൾക്കും എത്തിക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം അതിരൂപത പ്രാധാന്യം നല്‍കും.
ഇതിനായി പത്തുലക്ഷം രൂപ അതിരൂപത നീക്കിവയ്ക്കും. എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ചേര്‍ന്ന മഹാസംഗമത്തില്‍ അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലേയും മുഴുവന്‍ അംഗങ്ങള്‍ക്കും സ്വന്തമായി ബൈബിള്‍ ലഭ്യമാക്കുന്ന എന്റെ സ്വന്തം ബൈബിള്‍ പദ്ധതിക്ക് തുടക്കമായി. പുതിയ നിയമവും 150 സങ്കീര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ആകര്‍ഷകമായി തയാറാക്കിയ പ്രത്യേക എഡീഷന് ബൈബിളാണ് വിതരണം ചെയ്യുന്നത്.
119-ാം സങ്കീര്‍ത്തനം മനഃപാഠമാക്കിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ലൂക്കാ രാകേഷ്, ഇവാന് വി. ബിജോയ് എന്നിവര്‍ക്ക് പേഴ്സണല്‍ ബൈബിള്‍ നല്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സീസണ്-മൂന്ന് നൂറുമേനി മഹാസംഗമം തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സീസണ്-1ൽ കാല് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. സീസണ്-2ല്‍ അമ്പതിനായിരംപേര്‍ പങ്കെടുത്തപ്പോള്‍ സീസണ്-3ല്‍ ഒരു ലക്ഷത്തോളം അതിരൂപതാംഗങ്ങളാണ് പങ്കാളികളായത്. ചലച്ചിത്ര നടന് സിജോയ് വര്‍ഗീസ് നൂറുമേനി സീസണ് -4 ന്റെ ഉദ്ഘാടനവും പഠനപുസ്തക പ്രകാശനവും നിര്‍വഹിച്ചു. കാന്റിക്കിള്സ് വര്‍ഷിപ്പ് ബാൻഡ് ഇമ്പകരമായ ഗാനങ്ങള്‍ ആലപിച്ചു.
അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, വചനപഠന പദ്ധതി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് നൂറുമേനിക്കു നേതൃത്വം നല്‍കുന്നത്.
ആന്റണി മലയില്‍, ഡോ. സോണി കണ്ടങ്കേരില്‍, അഡ്വ. ഡെന്നീസ് ജോസഫ്, ജോസി കടന്തോട്, ജോബി തൂമ്പുങ്കല്‍, ഷിജി ജോണ്സണ്, ബിനു വെളിയനാട്, ലാലി ഇളപ്പുങ്കല്‍, ജോസുകുട്ടി കുട്ടംപേരൂര്‍, സൈബി അക്കര, ജോഷി കൊല്ലാപുരം, സീന തൂമ്പുങ്കല്‍, റോയി വേലിക്കാട്ട്, ജോണിക്കുട്ടി സ്കറിയ, ആന്റണി അമിക്കുളം, ജോസഫ് ഇളപ്പുങ്കല്‍, സിബി മുക്കാടന്‍, റെന്നി മാത്യു, ടോമിച്ചന് പുല്ലങ്കാവുങ്കല്‍, ജോസ് സെബാസ്റ്റ്യന്‍, ലാലപ്പന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.