സദസിന്റെ കൈയടി ഏറ്റുവാങ്ങി മന്ത്രി വി.എൻ. വാസവന്റെ കവിതാലാപനം
1591613
Sunday, September 14, 2025 11:13 PM IST
മുണ്ടക്കയം: മന്ത്രി വി.എൻ. വാസവന്റെ കവിതാലാപനത്തിന് നിറഞ്ഞ കൈയടി. ചിറ്റടി പബ്ലിക് ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി.
ഒരു കവിത ആലപിച്ച് പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന് സംഘാടകർ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒന്നല്ല ഒരു ഡസൻ കവിതകൾ താൻ പാടാമെന്നും അത് ആര് എഴുതിയതാണെന്ന് നിങ്ങൾ പറയണമെന്നുമായിരുന്നു മന്ത്രി സദസിൽ ഇരുന്നവരോട് തിരിച്ച് ആവശ്യപ്പെട്ടത്. മഹാകവി കുമാരനാശാനും ഉള്ളൂരും വള്ളത്തോളും ആധുനിക കവി മുരുകൻ കാട്ടാക്കട വരെയുള്ള പ്രമുഖരുടെ കവിതകൾ അതിന്റെ താളഭാവങ്ങൾ ഒന്നും ചോർന്നുപോകാതെ മന്ത്രി ആലപിച്ചപ്പോൾ സദസിൽനിന്ന് കരഘോഷം മുഴങ്ങി. പിന്നീട് ഈ കവിത ആര് എഴുതിയെന്നും എഴുതാനുണ്ടായ പശ്ചാത്തലവും അദ്ദേഹം വിശദീകരിച്ചു.
സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. വജ്രജൂബിലി കമ്മിറ്റി ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പാറത്തോട് സഹകരണബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, ഷീലമ്മ ഡൊമിനിക്, വിജയമ്മ വിജയലാല്, അന്നമ്മ വർഗീസ്, ബോബി കെ. മാത്യു, ഫാ. തോമസ് നല്ലനാടിയിൽ, പി.എൻ. സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ 25 വർഷമായി ജനപ്രതിനിധിയായി തുടരുന്ന ചിറ്റടി പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റുകൂടിയായ ഡയസ് മാത്യു കോക്കാടിനെ യോഗത്തിൽ ആദരിച്ചു. തുടർന്ന് ബാലവേദിയുടെ ആഭിമുഖ്യത്തിൽ നൃത്തസന്ധ്യയും ക്ലബ് യുവയുടെ ആഭിമുഖ്യത്തിൽ സംഗീതനിശയും നടത്തി.