ജില്ലാതല യോഗം മേയ് ആറിന്
1538440
Monday, March 31, 2025 11:51 PM IST
ആലപ്പുഴ: രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗവും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനവും മേയ് ആറിന് നടക്കും. പാതിരപ്പള്ളി കാമിലോട്ട് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ജില്ലാതല യോഗത്തിന്റെയും ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെയും സുഗമമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം കമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല അവലോകന യോഗത്തില്‍ എല്ലാ മേഖലകളില്‍നിന്നുമുള്ള വ്യക്തികളെ പങ്കെടുപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മെയ് ആറുമുതല്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പ്രദര്‍ശനമേളയില്‍ 100 ലധികം സ്റ്റാളുകളുണ്ടാകും. ഇതില്‍ 50 എണ്ണം വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ്. ജില്ലയുടെ പ്രത്യേകതയ്ക്കനുസരിച്ചുള്ള സ്റ്റാളുകള്കളാണ് തയാറാക്കുന്നത്. കലാപരിപാടികളും ഉണ്ടാകും. യോഗത്തിൽ എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം എന്നിവര്‍ നേരിട്ടും എം.എസ്. അരുണ്‍കുമാര്‍, തോമസ് കെ. തോമസ്, ദലീമ എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെടുക്കുന്ന ജില്ലാതല അവലോകന യോഗം മേയ് ആറിന് ആലപ്പുഴ കാമിലോട്ട് കണ്വന്ഷന് സെന്ററില്‍ നടക്കും.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് യോഗം നടക്കുക. യുവജനങ്ങള്‍, കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ 500ലധികം ആളുകള്‍ യോഗത്തിന്റെ ഭാഗമാകും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എഡിഎം ആശാ സി. ഏബ്രഹാം, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് മേഖലാ ഉപഡയറക്ടര്‍ നിജാസ് ജ്യൂവല്‍, സബ് കളക്ടര്‍ സമീര്‍ കിഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. എസ്. സുമേഷ്, ചെങ്ങന്നൂര്‍ ആര്‍ഡിഒ ജെ. മോബി, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.