നിരണത്ത് എരുമയുടെ വാല് മുറിച്ച് ക്രൂരത
1538698
Tuesday, April 1, 2025 11:05 PM IST
തിരുവല്ല: നിരണത്ത് മിണ്ടാപ്രാണിക്കുനേരേ അജ്ഞാതരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ അജ്ഞാതര്‍ തൊഴുത്തില്‍ നിന്ന എരുമയുടെ വാല് മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ക്ഷീരകര്‍ഷകനായ നിരണം രണ്ടാം വാര്‍ഡില്‍ പുളിക്കല്‍ വീട്ടില്‍ പി.കെ. മോഹനന് വളര്‍ത്തുന്ന അഞ്ച് വയസുള്ള അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ കുളിപ്പിച്ച് പാല് കറക്കുന്നതിനായി മോഹനന് തൊഴുത്തില്‍ എത്തിയപ്പോഴാണ് വാല് മുറിഞ്ഞ നിലയില്‍ ദയനീയ ഭാവത്തില്‍ നില്ക്കുന്ന എരുമയെ കണ്ടത്.
തുടര്‍ന്ന് വീട്ടു മുറ്റത്തെ കസേരയില്‍ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടന്‍ തന്നെ അയല്‍വാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. രാവിലെ മൃഗഡോക്ടര്‍ എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി മുറിവ് പഴുക്കാതിരിക്കുവാനുള്ള മരുന്നുകളും നല്കി. സംഭവത്തില്‍ എരുമയുടെ ഉടമ മോഹനന് പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാല് മുറിക്കപ്പെട്ട എരുമ കൂടാതെ കറവയുള്ള ഒരു പശുവും മൂന്നു പോത്തുകളും മോഹനന് സ്വന്തമായുണ്ട്. തനിക്കും തന്റെ കുടുംബത്തിനും വ്യക്തിപരമായ രാഷ്ട്രീയപരമായ ആരുമായും വിരോധം നിലനില്‍ക്കുന്നില്ലെന്നും സംഭവത്തിലെ പ്രതികളെ പിടികൂടുവാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മോഹനന് ആവശ്യപ്പെടുന്നു.