വിവാഹത്തിലെ സ്വർണം ഒഴിവാക്കി, അന്തേവാസികൾക്കായി കെട്ടിടം നൽകി
1538439
Monday, March 31, 2025 11:51 PM IST
അടൂർ: ആർഭാട വിവാഹ ആഘോഷങ്ങളുടെ കാലത്ത് വേറിട്ട മാതൃകയുമായി ഒരു വിവാഹം. മകൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം ഉപയോഗിച്ച് അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമിച്ചുനൽകി മാതൃക കാട്ടിയത് അടൂർ സ്വദേശികളായ മാതാപിതാക്കളാണ്.
അടൂർ എംജി റോഡിൽ കണിയാംപറമ്പിൽ സി. സുരേഷ് ബാബു-സിനി വിശ്വനാഥ് ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തോടനുബന്ധിച്ചാണ് കെട്ടിടം നിർമിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ. സുരേഷ് ബാബുവിന്റെയും ബിനുവിന്റെയും മകൻ അക്ഷയ് ആയിരുന്നു വരൻ.
മകളുടെ മുത്തച്ഛൻമാരുടെ സ്മരണയിൽ 1800 ചതുരശ്ര അടിയുള്ള കെട്ടിടമാണ് മഹാത്മാ ജനസേവന കേന്ദ്രത്തിനു നിർമിച്ചു നൽകിയത്. മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് വിവാഹത്തിനു സ്വർണം വേണ്ടെന്ന തീരുമാനം ആദ്യം അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി. പക്ഷേ ചില കാരണങ്ങളാൽ അത് ഉപേക്ഷിച്ചു. തുടർന്ന് സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ സംസ്ഥാന സെക്രട്ടറിയുമായ എ.പി. ജയനോട് തന്റെ ആഗ്രഹം പങ്കുവച്ചതോടെയാണ് ഇത്തരം ഒരു നിർദേശം ലഭിച്ചത്. മൂന്നു മാസംകൊണ്ട് നിർമാണം പൂർത്തിയാക്കി.
ഇന്നലെ താലികെട്ടിന് മുൻപുള്ള മുഹൂർത്തത്തിൽ സി. സുരേഷ്ബാബുവിന്റെ മാതാവ് എൻ. സുഭദ്ര, സിനിയുടെ മാതാവ് കെ. ചന്ദ്രമതി എന്നിവരിൽനിന്നു കെട്ടിടത്തിന്റെ താക്കോൽ മഹാത്മാ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീൽഡ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു, മുൻ എംഎൽഎ ആർ. ഉണ്ണിക്കൃഷ്ണപിള്ള, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം മുണ്ടപ്പള്ളി തോമസ്, കെപിസിസി ജറൽ സെക്രട്ടറി പഴകുളം മധു, എ.പി. ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.