അറസ്റ്റിലായ കട്ടുപൂച്ചനില്നിന്ന് തൃശൂരിലെ കുറുവ സംഘത്തലവനെക്കുറിച്ച് വിവരം
1538696
Tuesday, April 1, 2025 11:05 PM IST
ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി.
ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ കടത്തുരുത്തി, വടക്കന്‍ പറവൂര്‍, വടക്കേക്കര എന്നിവിടങ്ങളിലും കട്ടുപൂച്ചനെതിരേ കേസുകളുണ്ട്. മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയതിനു ശേഷം ആ സ്റ്റേഷനുകളില്‍നിന്നും കസ്റ്റഡി അപേക്ഷ നല്‍കിയേക്കും.
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ടാണു കട്ടുപൂച്ചന് മോഷണം നടത്തിയിരുന്നത്. പുന്നപ്രയില്‍ വീട്ടില്‍ കയറി സ്വര്‍ണം കവര്‍ന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതും ഇയാളാണ്. മോഷണം നടത്തുന്ന സ്വര്‍ണം സ്വന്തം നാട്ടിലെത്തിച്ചാണു വിറ്റിരുന്നത്.
കട്ടുപൂച്ചനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു മണ്ണഞ്ചേരി പോ ലീസ് കോടതിയില്‍ അപേക്ഷ നല്കി. വിവിധയിടങ്ങളില്‍നിന്നു മോഷ്ടിച്ച സ്വര്‍ണവും മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ട്. കൂട്ടുപ്രതികള്‍, സഹായങ്ങള്‍ ചെയ്തവര്‍ എന്നിവരുടെ വിവരങ്ങളും ശേഖരിക്കാനുണ്ട്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു.