ഗ്രാമങ്ങളില്‍ പിടിമുറുക്കി കഞ്ചാവ് ലോബി
1538434
Monday, March 31, 2025 11:51 PM IST
പൂച്ചാക്കല്‍: ഗ്രാമീണമേഖലയില്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ കൂടുതലും പിടിക്കപ്പെട്ടത് സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നവരെയാണെന്നത് ആശങ്കയേറ്റുന്നു. പോലീസ്, എക്സൈസ് പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടും ഗ്രാമീണ പ്രദേശങ്ങളിലെ കഞ്ചാവ് -മയക്കുമരുന്ന് ലോബിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവച്ച് മയക്കുമരുന്ന് വില്പന വര്‍ധിക്കുകയാണ്. ഇതിനെതിരേ നടപടികള്‍ പോലീ സ് ശക്തമാക്കിയിട്ടുണ്ട്.
രക്ഷിതാക്കളുടെ
ഉറക്കം കെടുത്തുന്നു
വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗവും വില്പനയും രക്ഷിതാക്കളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് നാളേറെയായി. സ്കൂള്‍ സമയം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വരുന്നതും പ്രതീക്ഷിച്ച് മയക്കു മരുന്നുമായി കവലകളിലും ബസ് സ്റ്റോപ്പിലും സ്കൂളിന് സമീപവും ഇരുചക്രവാഹനങ്ങളിലും മയക്കുമരുന്നു എത്തുന്നത് പതിവുകാഴ്ചയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാര്‍ഥികളിലും കൗമാരക്കാരിലും നടക്കുന്ന വില്പന പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലും പൊടിപൊടിക്കുകയാണ്.
മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലയുടെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും നടക്കുന്നതെന്നാണ് പിടിക്കപ്പെടുന്ന കേസുകള്‍ നല്കുന്ന വിവരം.
വിലപ്നയില് മുന്നില്‍ എംഡിഎംഎ
വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ളതും മാരകവുമായ എംഡിഎംഎയാണ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സംഘം ഗ്രാമീണ മേഖലയില്‍ എത്തിക്കുന്നത്. എറണാകുളം, കൊച്ചി എന്നിവിടങ്ങളിലെ മയക്കുമരുന്നു വില്പന സംഘത്തിന്് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും ഏറെ വിപണന സാധ്യതയുള്ളതുമായ സ്ഥലങ്ങളാണ് ജില്ലയുടെ വടക്ക് ഭാഗത്തുള്ള അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശേരി, തുറവൂര്‍, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങള്‍. തീരദേശ പ്രദേശങ്ങള്‍, ഇടവഴികള്‍, കുറ്റിക്കാടുകള്‍, ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലൊക്കെ കഞ്ചാവ്, എംഡിഎംഎ തുടങ്ങിയവ വില്പന നടക്കുന്നുണ്ട്.
ഉറവിടം തേടി
പോലീസ്
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആധുനിക സംവിധാനം ഉപയോഗിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങളും എത്തിച്ചുകൊടുക്കുന്ന ലോബിയും സജീവമാണ്. ചില കടകളില്‍ ഇത്തരത്തില്‍ നിരോധിത ഉത്പന്നങ്ങള്‍ രഹസ്യമായി വില്‍ക്കുന്നതും സാര്‍വത്രികമാണ്.
പല കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാര്‍ഥികളാണെന്നതും ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലുമുണ്ടെന്നതും ഭീതിപ്പെടുത്തുന്നു. ലഹരി വ്യാപാരത്തിലെ വില്പനക്കാരും മൊത്ത വിതരണക്കാര്പോലും വിദ്യാര്ഥികളാണെന്നുള്ളതും ഞെട്ടിക്കുന്നു.
കെണിയിലാക്കാന്‍ ഐഫോണും
ആഡംബര ബൈക്കും
പണവും ആഡംബര ബൈക്കുകളും ഐഫോണുകളും നല്കി വിദ്യാര്‍ഥികളെ വലവീശി പിടിച്ചതിനുശേഷം മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് ഇവരിലൂടെ മറ്റുള്ളവരിലേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുകയുമാണ് മയക്കുമരുന്നു സംഘം ചെയ്യുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വന്‍ ലോബിതന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
എതിര്‍ക്കുന്നവര്‍ക്കു നേരേ ആക്രമണം
എതിര്‍ക്കുന്നവരെ ആക്രമിക്കുകയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ പലരും കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കെതിരേ പരാതി പറയാനും ഭയക്കുന്നു. ഗ്രാമീണ മേഖലയില്‍ മുന്‍പ് റോഡ് മാര്‍ഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കായല്‍ മാര്‍ഗമാണ് മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നത്.
പോലീസും പ്രദേശവാസികളും സംശയിക്കാത്തരീതിയില് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ചെറുവള്ളങ്ങളിലാണ് തീരദേശങ്ങളില്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കാനും വാങ്ങുവാനുമായി ധാരാളം കൗമാരക്കാരാണ് രാവും പകലും വേമ്പനാട്ട് കായല്‍ തീരങ്ങളില്‍ എത്തുന്നത്.
പ്രധാന റോഡുകള്‍ പോലീ സ്, എക്സൈസ് നിരീക്ഷണത്തിലായതോടെ വാഹനങ്ങള്‍ എത്തിപ്പെടാത്ത ഇടവഴികളും കുറ്റിക്കാടുളിലുമാണ് ഇവര്‍ തമ്പടിക്കുന്നത്.