പൊതുപ്രവർത്തനവും ജൈവകൃഷിയും; മാതൃകയായി പി.എം. പ്രമോദ്
1538110
Sunday, March 30, 2025 11:41 PM IST
പൂച്ചാക്കൽ: ജനസേവനവും ജൈവകൃഷിയും നെഞ്ചോടുചേർത്ത് രാഷ്ട്രീയ പ്രവർത്തകരിൽനിന്നും വ്യത്യസ്തനാവുകയാണ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് അംഗവുമായ പി.എം.പി എന്ന പി.എം. പ്രമോദ്. പൊതു പ്രവർത്തനത്തിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിച്ചിരിക്കുകയാണ് പ്രമോദ്. വീടിനേടു ചേർന്നുള്ള ഒൻപത് സെന്റ് സ്ഥലത്ത് വിവിധതരം പച്ചക്കറികളാണ് നട്ടുവളർത്തുന്നത്.
വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറി എന്ന ആശയവും പരമ്പരാഗത കർഷകനായിരുന്ന അച്ഛൻ മാധവനിൽനിന്നുള്ള കൃഷിരീതിയും കൈമുതലാക്കിയാണ് പ്രമോദ് കൃഷിയിലേക്ക് കടക്കാൻ കാരണം. മൂന്നുതരം ചീര ഉൾപ്പെടെ തക്കാളി, നീളൻപയർ, വെണ്ട, പച്ചമുളക്, പീച്ചിൽ, പടവലം, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രമോദിന്റെ ചെറുപ്പകാലത്ത് അച്ഛൻ കൂടുതലായി കൃഷി ചെയ്തിരുന്നത് ആനക്കൊമ്പൻ വെണ്ടയാണ്. അച്ഛന്റെ ഓർമയ്ക്കായി 40 ചുവട് ആനക്കൊമ്പൻ വെണ്ട വച്ചുപിടിപ്പിച്ചിട്ടുണ്ട്.
രാവിലെയും വൈകുന്നേരവുമാണ് പരിപാലന സമയം. അധ്യാപികയായ ഭാര്യ സുനന്ദയും കൃഷിയിൽ സഹായത്തിനു കൂടെയുണ്ട്. വീട്ടാവശ്യത്തിലും അധികമായി ലഭിക്കുന്ന പച്ചക്കറികൾ സമീപവാസികൾക്കും സഹപ്രവർത്തകർക്കും നൽകുന്നു. ജനസേവനത്തിന്റെ മാനസിക പിരിമുറുക്കത്തിൽനിന്നു രക്ഷനേടുന്നത് കൃഷിത്തോട്ടത്തിലൂടെയാണ്.വിത്തുപാകൽ മുതൽ വിളവെടുക്കുന്ന സമയം വരെ കിട്ടുന്ന മാനസിക സന്തോഷവും സംതൃപ്തിയും മറ്റൊന്നിലും ലഭിക്കില്ല എന്നാണ് പ്രമോദ് പറയുന്നത്. പുതിയ ഇനം പച്ചക്കറിവിത്തുകൾ കൃഷി ഓഫീസിൽ വരുന്നതും കാത്തിരിക്കുകയാണ് ഈ യുവകർഷകൻ.