കിടപ്പാടം ബാങ്ക് ജപ്തി ചെയ്തു; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
1538695
Tuesday, April 1, 2025 11:05 PM IST
അമ്പലപ്പുഴ: ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്ന കിടപ്പു രോഗിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡ് വട്ടത്തറയില്‍ അനിലന്റെ മകന് പ്രഭുലാലിനെ(33) യാണ് വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ അവശനിലയയില് കണ്ട പ്രഭുലാലിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പുന്നപ്ര വയലാര്‍ സമരസേനാനി പരേതനായ ഗംഗാധരന്റെ ചെറുമകനാണ് പ്രഭുലാല്‍. പ്രഭുലാലിനോടൊപ്പമായിരുന്നു വയോധികരായ അനിലനും അമ്മ ഉഷയും കഴിഞ്ഞിരുന്നത്. അമ്മ ഉഷയുടെ പേരില്‍ ലൈഫ് പദ്ധതിയില്‍ നാലുലക്ഷം രൂപ വീടുവയ്ക്കാനായി ലഭിച്ചിരുന്നു. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായി കിടപ്പാടമായി ഉണ്ടായിരുന്ന ഏഴു സെന്റ് സ്ഥലം പണയപ്പെടുത്തി കേരള ബാങ്കിന്റെ പുന്നപ്ര ശാഖയില്‍നിന്നും 2018 ല്‍ മൂന്നുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
കെട്ടിട നിര്‍മാണത്തൊഴിലാളിയായ പ്രഭുലാലിന്റെ വരുമാനത്തില്‍നിന്നായിരുന്നു വയ്പത്തിരിച്ചടച്ചിരുന്നത്.
ജോലിക്കിടയില്‍ വീണ് പ്രഭുലാലിന്റെ നട്ടെല്ലിനു പരിക്കേറ്റ് കിടപ്പിലായതോടെ വായ്പത്തിരിച്ചടവില്‍ മുടക്കം വന്നു. വായ്പ കുടിശിഖ വരുത്തിയതിന്റെ പേരില്‍ കിടപ്പാടം ജപ്തി നടപടികളിലായി. കഴിഞ്ഞ 30 നുള്ളില്‍ പലിശ ഉള്‍പ്പെടെ അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീരിക്കുമെന്ന മുന്നറിയിപ്പ് ബാങ്ക് മാനേജര്‍ നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍, കഴിഞ്ഞ 24ന് വീടിനുള്ളിലുള്ള സാധനങ്ങള്‍ പോലും എടുക്കാനുള്ള സാവകാശം നല്‍കാതെ ബാങ്ക് മാനേജരും ജീവനക്കാരുമെത്തി വീട് പൂട്ടി നോട്ടീസ് പതിപ്പിച്ചു.
വയോധികരായ മാതാപിതാക്കള്‍ പിന്നീട് സഹോദരിയുടെ വീട്ടിലും പ്രഭുലാല്‍ വീടിനോട് ചേര്‍ന്നുള്ള താത്കാലിക ഷെഡിലുമായിരുന്നു താമസം. തൊട്ടടുത്തായി മറ്റൊരു വീട് വാടകയ്ക്കെടുത്തെങ്കിലും പലതവണ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പാത്രങ്ങളും മറ്റ് അത്യാവശ്യസാധനങ്ങള്‍ എടുക്കാന്‍ പോലും അധികൃതര്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ തിങ്കളാഴ്ച വീട് തുറന്നുകൊടുക്കാമെന്ന് പറഞ്ഞതനുസരിച്ച് സാധനങ്ങള്‍ എടുക്കാനായി സുഹൃത്തുക്കളെയും ഏര്‍പ്പാട് ചെയ്തിരുന്നു.
എന്നാല്‍, വീട് തുറക്കാന്‍ ആരും എത്താതിരുന്നത് പ്രഭുലാലിനെ മാനസികമായി തളര്‍ത്തിയതായി ബന്ധുക്കള്‍ പറയുന്നു. വീട്ടുസാധനങ്ങള്‍ എടുക്കനായി പിതാവ് അനിലും സുഹൃത്തുക്കളും എത്തിയപ്പോഴാണ് പ്രഭുലാലിനെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാനും സംസ്കാര ചടങ്ങുകള്‍ക്കുപോലും വീട് തുറന്നുകൊടുക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
തുടര്‍ന്ന് സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി പൂട്ടു പൊളിച്ചാണ് മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളില്‍ കയറ്റിയതും മൃതദേഹം പൊതുദര്ശനത്തിനുവച്ചതും സംസ്കാര ചടങ്ങുകള്‍ നടത്തിയതും. കേരള ബാങ്കിന്റെ മാനേജരുടെ നടപടിയില്‍ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിക്ഷേധത്തിലാണ്.
പോലീസില്‍ പരാതി നല്‍കുമെന്ന് പ്രഭുലാലിന്റെ പിതാവ് അനിലന്‍ പറഞ്ഞു.