ദേശീയപാതയിലെ കണ്ടെയ്നര്‍ നിയന്ത്രണം: കയര്‍ വ്യവസായികള്‍ കളക്ടര്‍ക്ക് നിവേദനം നല്കി
1537893
Sunday, March 30, 2025 5:48 AM IST
ചേര്‍ത്തല: ദേശീയപാത 66 വഴിയുള്ള കണ്ടെയ്നര്‍ ഓട്ടത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയ പോലീസ് നടപടിക്കെതിരേ കയര്‍ വ്യവസായികള്‍. ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് കണ്ടെയ്നറുകള്‍ മരടില്നിന്നു തൃപ്പൂണിത്തുറവഴി തലയോലപ്പറമ്പ്-കോട്ടയം -ചങ്ങനാശേരി-ആലപ്പുഴവഴി ചേര്ത്തലയ്ക്കെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മാര്‍ച്ച് 15 വരെ കണ്ടെയ്നറുകള്‍ ദേശീയപാത 66 വഴി പോര്‍ട്ടിലേക്കു പോയിരുന്നതാണ്. തിരികെ രാത്രി മാത്രമേ ദേശീയപാതവഴി വരാന്‍ പോലീസ് അനുവദിച്ചിരുന്നുള്ളു. എന്നാല്‍ ഒരാഴ്ചയായി രാത്രികാലങ്ങളില്‍ കുമ്പളം ടോള്‍ പ്ലാസയില്‍ കണ്ടെയ്നറുകള്‍ തടയുന്നതു മൂലം ഡ്രൈവര്‍മാര്‍ കണ്ടെയ്നറുമായി തിരികെപോയി മരട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി വഴി അരൂരില്‍ വന്നാണ് ചേര്‍ത്തലയിലേക്ക് എത്തിയിരുന്നത്.
ഇപ്പോള്‍ ഇതും കടന്നാണ് കോട്ടയം വഴിയുള്ള പുതിയ റൂട്ട് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ പോര്‍ട്ടില്‍നിന്നു ചേര്‍ത്തലയിലേക്കുള്ള ദൂരം 60 കിലോമീറ്ററാണ് എന്നാല്‍ പരിഷ്കരണത്തില്‍ ഇത് ഒരു ഭാഗത്തേക്കു മാത്രം 180 കിലോമീറ്ററായാണ് ഉയരുന്നത്. നിലവില്‍ 13,000 രൂപ ചെലവിലാണ് ഒരു കണ്ടെയ്നര്‍ വല്ലാര്പാടത്തനിന്നു ചേര്‍ത്തലയില്‍ വന്നിരുന്നത്. എന്നാല്‍ ഈ പുതിയ റൂട്ടുവഴി ഇത് 40,000 രൂപയ്ക്ക് മുകളിലേക്കുയരും.
കണ്ടൈനര്‍ റൂട്ടിന്റെ കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് കളക്ടര്‍ക്കു നിവേദനം നല്കി. സംസ്ഥാനത്തെ കയര്‍ കയറ്റുമതിക്കാരില്‍ വലിയ ഭാഗവും ചേര്‍ത്തല ആലപ്പുഴ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പോര്‍ട്ടിലേക്കു ദേശീയപാതവഴിയാണ് കണ്ടൈനറുകളെത്തിക്കുന്നതും.
ചെയര്മാന് റോബി ഫ്രാന്‍സിസ്, ജോണ്‍ചാക്കോ എന്നിവരാണ് കളക്ടര്‍ക്കു നിവേദനം നല്‍കിയത്.