മാവേലിക്കര മണ്ഡലത്തിലെ റെയിൽവേ മേൽപ്പാലം നിർമാണച്ചുമതല കെആർഡിസിഎലിന്
1537892
Sunday, March 30, 2025 5:48 AM IST
മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നാലുകോടി, കുട്ടനാട് തകഴി, പത്തനാപുരം ആവണീശ്വരം എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏൽപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി എംപിമാരുടെ കോൺഫറൻസിൽ തുടർച്ചയായി വിഷയം ഉന്നയിക്കുകയും നിരന്തര ഇടപെടലിനെത്തുടർന്നുമാണ് ഇത്തവണത്തെ ലിസ്റ്റിൽ മൂന്നു പദ്ധതികളും ഇടം നേടിയതെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
2021ൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അനുമതിയും ഫണ്ടും മേൽപ്പാലങ്ങൾക്കായി ലഭ്യമാക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി അനന്തമായി നീളുകയായിരുന്നു.
പ്രാഥമിക ധാരണ
സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 38 റയിൽവേ മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണമാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെ ഏൽപ്പിച്ചത്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് നിർമാണച്ചെലവ് റെയിൽവേ വഹിക്കുമെന്ന പ്രാഥമിക ധാരണ ദക്ഷിണ റെയിൽവേ സ്ഥിരീകരിച്ചു.
ഇതോടെ, മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുപാതിക ചെലവിൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ഈ പദ്ധതികൾ 2021 ൽ റെയിൽവേ മന്ത്രാലയവും കേരള സർക്കാരും തമ്മിലുള്ള ധാരണാപത്രം പ്രകാരം കെആർഡിസിഎലിന്റെ ഏകോപനത്തിൽ നടപ്പാക്കും. നേരത്തേ 34 മേൽപ്പാലങ്ങളും അടിപ്പാതകളും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയിലേക്ക് വിട്ടിരുന്നു. കൂടാതെ 4 മേൽപ്പാലം ആർബിഡിസികെയ്ക്ക് അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യം പരിശോധിച്ച സർക്കാർ, മുമ്പുള്ള ഉത്തരവുകൾ റദ്ദാക്കി, 38 മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണച്ചുമതല കെആർഡിസിഎല്ലിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.
ലെവൽ ക്രോസ്
സംസ്ഥാനത്ത് ഗതാഗത ശൃംഖല മെച്ചപ്പെടുത്താനും പൊതുഗതാഗത സംവിധാനങ്ങൾ ശാസ്ത്രീയമായി വികസിപ്പിക്കാനുമുള്ള ഈ നീക്കം നിർണായകമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിന്റെ ചുമതല സംസ്ഥാന സർക്കാരിനായിരിക്കും. റെയിൽവേയുടെ ഭാഗത്തുള്ള നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് റെയിൽവേ എൻജിനിയറിംഗ് വിഭാഗവുമായിരിക്കുമെന്നും എംപി പറഞ്ഞു.
മാവേലിക്കര മണ്ഡലത്തിലെ കുന്നത്തൂർ മൈനാഗപ്പള്ളി ലെവൽ ക്രോസ്, കുട്ടനാട് തൃപ്പക്കുടം ലെവൽ ക്രോസ് എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾക്കും റെയിൽവേ 2021ൽ തന്നെ അനുമതി നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇവയുടെ കാര്യത്തിൽ ഇനിയും അനുകൂല തീരുമാനം എടുത്തിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വിമർശിച്ചു. നിലവിൽ അന്തിമാനുമതി ലഭ്യമായ മേൽപ്പാലങ്ങളുടെ നിർമാണത്തിനുള്ള നടപടികൾ സർക്കാർ സമയബന്ധിതമായി നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.