മാവേലിക്കര നഗരസഭയിൽ അവിശ്വാസം പാസായി
1537896
Sunday, March 30, 2025 5:48 AM IST
മാവേലിക്കര: നഗരസഭാ ചെയര്മാന് കെ.വി. ശ്രീകുമാറിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിട്ട് പാസായെങ്കിലും ആകാംക്ഷ അവസാന നിമിഷംവരെ നിലനിന്നു. സിപിഎമ്മുകൂടി അനുകൂലിച്ചതോടെ അവിശ്വാസം പാസാകുകയായിരുന്നു.
അവിശ്വാസത്തെ അനുകൂലിക്കണോ പ്രതികൂലിക്കണോയെന്ന സിപിഎം തീരുമാനം വൈകിയത് പല അഭ്യൂഹങ്ങൾക്കും വഴിവച്ചു. ശനിയാഴ്ച രാവിലെ പത്തിനു ചേര്‍ന്ന സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് അവിശ്വാസത്തിനനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ നേരേ കൗണ്‍സില്‍ ഹാളിലേക്ക് എത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനും തുടര്‍ന്നു നടക്കുന്ന വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനും ബിജെപി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ശനിയാഴ്ച 10.45 നാണ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ അവിശ്വാസപ്രമേയത്തിന്മേലുളള ചര്‍ച്ച തുടങ്ങിയത്. അവിശ്വാസത്തിന് നോട്ടീസ് നല്കിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അനി വര്‍ഗീസാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സംസാരിച്ച സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലീല അഭിലാഷ് കോണ്‍ഗ്രസ്-ബിജെപി കൂട്ടുഭരണമാണ് നാലര വര്‍ഷം നടന്നതെന്നും ഇരുകൂട്ടര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എച്ച്. മേഘനാഥ് ചെയര്‍മാനെ മുന്‍നിറുത്തി കോണ്‍ഗ്രസ് നഗരസഭയില്‍ അഴിമതിഭരണം നടത്തുകയായിരുന്നെന്ന് ആരോപിച്ചു.
കോണ്‍ഗ്രസിലെയും ഇടതുമുന്നണിയിലെയും മുഴുവന്‍ കൗണ്‍സിലര്‍മാരും യോഗത്തിനെത്തിയെങ്കിലും ബിജെപിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല. ചര്‍ച്ച അവസാനിച്ച് പ്രമേയം വോട്ടിനിടും മുമ്പ് കൗണ്‍സില്‍ ഹാളിലുണ്ടിയിരുന്ന ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. പതിനെട്ടു പേര് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായതായി കൗണ്‍സില്‍യോഗം നിയന്ത്രിച്ച നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ചെയര്മാന് പുറത്തായതോടെ ചെയര്‍മാന്റെ താത്കാലിക ചുമതല വൈസ് ചെയര്‍പേഴ്സണ്‍ ടി. കൃഷ്ണകുമാരിക്ക് നല്കി.
സ്വജനപക്ഷപാതം, വികസന മുരടിപ്പ്, കെടുകാര്യസ്ഥത തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ 17നാണ് കോണ്‍ഗ്രസിലെ ഒന്‍പത് കൗണ്‍സിലര്‍മാരും ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് കൗണ്‍സിലറും ചേര്‍ന്ന് ചെയര്‍മാനെതിരായ അവിശ്വാസത്തിന് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബിജെപി, ഇടതുമുന്നണി എന്നിവര്‍ക്ക് ഒന്‍പതു വീതം സീറ്റുകള്‍ ലഭിച്ച മാവേലിക്കര നഗരസഭയില്‍ സ്വതന്ത്രനായി വിജയിച്ച കെ.വി. ശ്രീകുമാറിനെ ചെയര്‍മാനാക്കിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. വൈസ് ചെയര്മാന് സ്ഥാനവും മൂന്ന് സ്ഥിരം സമിതി അധ്യക്ഷപദവികളും കോണ്‍ഗ്രസിനു ലഭിച്ചു. രണ്ട് സ്ഥിരം സമിതികള്‍ ബിജെപി നേടി.
മൂന്നു വര്‍ഷം കഴിഞ്ഞ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനു നല്‍കണമെന്ന ധാരണ കെ.വി. ശ്രീകുമാര്‍ പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.