ബജറ്റ്: ജനവഞ്ചനയുടെ അഞ്ചാം വർഷമെന്ന് പ്രതിപക്ഷം
1538103
Sunday, March 30, 2025 11:41 PM IST
ആലപ്പുഴ: പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും യാഥാർഥ്യമാക്കാതെ നഗര വികസനത്തെ പിന്നോട്ടടിക്കുന്ന ഭരണസമിതിയായി ഇപ്പോഴത്തെ നഗരസഭാ ഭരണസമിതി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് റീഗോ രാജു. 2021ൽ നഗരസഭയുടെ സ്റ്റേഡിയം, 2022ൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റും 2023ൽ നഗരസഭ നിർമിക്കുന്ന ഫുഡ് സ്ട്രീറ്റും 2024 നഗരസഭ നിർമിക്കുന്ന ടൗൺഹാളും പ്രഖ്യാപിച്ചിട്ട് നാളിതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ഈ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗം ചേർന്ന ശതാബ്ദി മന്ദിരത്തിലെ കൗൺസിൽ ഹാളിൽ അവസാന ബജറ്റും അവതരിപ്പിക്കാൻ സാധിക്കാതെ പഴയ കൗൺസിൽ ഹാളിൽ തന്നെ അവതരിപ്പിക്കപ്പെട്ടത് ഭരണസമിതിയുടെ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണ്. 2019 മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പുന്നപ്രയിലെ ഫ്ലാറ്റ് നിർമാണം മുടങ്ങിക്കിടക്കുന്നു. ഈ ഭരണസമിതി പൂർത്തീകരിച്ചു എന്ന പേരിൽ ഉയർത്തിക്കാട്ടുന്ന ബീച്ചിലെ കാറ്റാടി പാർക്ക് 2020ൽ തന്നെ പൂർത്തീകരിക്കപ്പെട്ടിട്ടുള്ളതാണ്.
സ്വകാര്യവ്യക്തിക്ക് ടെൻഡർ നൽകി അവിടെ കടമുറികൾ പണിത് വാടകയ്ക്ക് നൽകിയത് ഭരണസമിതിയുടെ നേട്ടമായി ചിത്രീകരിക്കുന്നത് അപഹാസ്യമാണ്. ഈ സാമ്പത്തിക വർഷം ആലപ്പുഴ നഗരസഭ പദ്ധതി നടത്തിപ്പിൽ 29-ാം സ്ഥാനത്താണ് എന്നുള്ളത് പദ്ധതി നിർവഹണത്തിലെ ഭരണസമിതിയുടെ പോരായ്മകളെ എടുത്തുകാണിക്കുന്നതാണ്. ഇപ്രകാരം സമസ്ത മേഖലകളിലും വാഗ്ദാനങ്ങൾ മാത്രം നൽകി നടപ്പിലാക്കാത്ത പദ്ധതികളുമായി വീണ്ടും ബജറ്റ് അവതരണം നടത്തുന്നതിൽ യാതൊരു യുക്തിയില്ലെന്നും സാമ്പത്തിക സ്രോതസ് ഇല്ലാതെ ഭാവനയിൽ മാത്രം അധിഷ്ഠിതമായ പ്രഖ്യാപനങ്ങൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനം ഇല്ലെന്നും ആരോപിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് ചർച്ച ബഹിഷ്കരിക്കുകയും നഗരസഭ പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുകയും ചെയ്തു.
റീഗോ രാജു ഉദ്ഘാടനം ചെയ്തു. സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി. ശ്രീലേഖ, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസിമോൾ ബെനഡിക്ട്, എലിസബത്ത് പി.ജി തുടങ്ങിയവർ പ്രസംഗിച്ചു.