ജീവിതത്തെ സ്വാധീനിക്കേണ്ടത് സോഷ്യൽ മീഡിയയിലല്ല: ഫാ. സേവ്യർ ഖാൻ വട്ടായിൽ
1538108
Sunday, March 30, 2025 11:41 PM IST
ആലപ്പുഴ: സോഷ്യൽ മീഡിയ ട്രെന്റുകൾ അല്ല ജീവിതത്തെ സ്വാധീനിക്കേണ്ടതെന്ന് പ്രശസ്ത സുവിശേഷപ്രഘോഷകൻ ഫാ. സേവ്യർ ഖാൻ വട്ടായിൽ. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയൈക്യം എപ്പോഴും കാത്തു സൂക്ഷിക്കണം.
മതാപിതാക്കളും സഹോദരങ്ങളും മറ്റുള്ളവരുമായുള്ള ബന്ധത്തിലും ഹൃദയൈക്യം പ്രകടമാകണമെന്നും ഫാ. സേവ്യർ വട്ടായിൽ ഉദ്ബോധിപ്പിച്ചു. അഭിഷേകാഗ്നി ആലപ്പി കാത്തലിക് കൺവൻഷനിൽ സമാപന ദിവസം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ ലത്തീൻ, സീറോ മലബാർ, മലങ്കര സഭകളിലെ പള്ളികളുടെ നേതൃത്വത്തിൽ നടന്ന മൂന്നു ദിവസത്തെ കൺവൻഷനിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് കൺവൻഷൻ നയിച്ചത്. കുമ്പസാരം, കൗൺസലിംഗ് രോഗശാന്തി ശുശ്രൂഷ എന്നിവയും നടന്നു. വിശുദ്ധ കുർബാനയ്ക്ക് ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു.
ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ രക്ഷാധികാരിയായി ഫാ. ഫ്രാൻസിസ് കൊടിയനാട്, ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. സിറിയക് കോട്ടയിൽ എന്നിവർ ജനറൽ കൺവീനർമാരായുള്ള 101 അംഗ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.