ആലപ്പുഴയെ അന്താരാഷ്ട്ര ജല ടൂറിസം കേന്ദ്രമാക്കാന്‍ എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്
1538700
Tuesday, April 1, 2025 11:05 PM IST
ആലപ്പുഴ: സ്വദേശ് ദര്ശന് 2.0 പദ്ധതിക്ക് കീഴില്‍ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയാറിക്കിയ ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.177കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടിരൂപ നീക്കിവച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകര്ഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാല്‍ തീരങ്ങള്‍, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ളവികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാന്‍ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ദീപാലങ്കാരങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, സൂചന ബോര്‍ഡുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ട്, പ്രദര്‍ശന വേദികള്‍, കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുകള്‍, കായികവേദികള്‍, സിസിടിവികള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴയുടെ ജീവനാഡിയായ കനാലുകളുടെ കരകള്‍ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ദീപാലങ്കാരങ്ങള്‍, പ്ലാസകള്‍, ബോട്ട് ഡോക്കുകള്‍, കഫേകള്‍, ബോട്ടുജെട്ടിയുടെ വികസനം, പൊതു ജനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍, സൂചന ബോര്‍ഡുകള്‍, സിസിടിവികള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ് എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.
പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെര്‍മിനല്‍ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വലിയ ആകര്‍ഷണമാണ്. ഇവിടെ 8.5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിംഗ്, മറീന, എക്സ്പീരിയന്‍സ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്ക്കുകള്‍, ജല സാഹസിക വിനോദകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, ശുചിമുറികള്‍ തുടങ്ങിയവ വരുന്നതോടെ ധാരാളം പരിപാടികള്‍ക്ക് കേന്ദ്രബിന്ദുവായി ബോട്ട് ടെര്‍മിനല്‍ മാറും. കൂടാതെ സോഫ്റ്റ് ഇന്റര്‍വെന്‍ഷനായി (ഡിജിറ്റല്‍ ആന്‍ഡ് സ്മാര്‍ട്ട് ടൂറിസം, സാംസ്കാരിക പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവക്ക്) നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്്.
കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡോ. മനോജ് കിനിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗിലെ 10 എംപ്ലാന്‍ വിദ്യാര്‍ഥികളാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത്.