അധ്യാപകർ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1538701
Tuesday, April 1, 2025 11:05 PM IST
കറ്റാനം: അധ്യാപനരംഗത്ത് ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നേരിടുമ്പോൾ അധ്യാപകർ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണമെന്ന് മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ മാവേലിക്കര രൂപത ടീച്ചേഴ്സ് ഗിൽഡ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപി ക്ലാസുകൾ മുതൽ കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നുണ്ട്. ഗാന്ധിജി പറയുന്നതുപോലെ മദ്യവും മയക്കുമരുന്നും ഉപേക്ഷിച്ചെങ്കിലേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളു. പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും അധ്യാപകർ ശ്രദ്ധിച്ച് അവരെയും സാമൂഹിക പ്രതിബന്ധതയുള്ളവരാക്കാൻ കഴിയണമെന്നും ബിഷപ് പറഞ്ഞു.
രൂപത പ്രസിഡന്റ് സാൻബേബി അധ്യക്ഷതവഹിച്ചു. കെപിസിസി കാര്യനിർവഹണ സമിതിയംഗം ജോൺസൺ ഏബ്രഹാം മുഖ്യസന്ദേശം നൽകി. ഫാ. ഡാനിയേൽ തെക്കേടത്ത്, സി.റ്റി. വർഗീസ്, കെ.ജി. സാബു, ബിബിൻ വൈദ്യൻ, കുര്യൻ ചാക്കോ, നീതു യോഹന്നാൻ, ജസ്റ്റീന മേരി ജേക്കബ്, ജെസി മാത്യു, സെലിൻ സ്കറിയ, പ്ലേറ്റോ രാജു, ജിജി യോഹന്നാൻ, അനീറ്റ അലക്സ് എന്നിവർ പ്രസംഗിച്ചു.
ഈ വർഷം സർവീസിൽനിന്നും വിരമിക്കുന്നവരെയും എസ് എസ്എൽസി, പ്ലസ്ടുവിൽ ഉന്നതവിജയം നേടിയ അധ്യാപകരുടെ മക്കളെയും വിവിധ മത്സര ഇനങ്ങളിൽ സമ്മാനാർഹരായവരെയും യോഗത്തിൽ ആദരിച്ചു. രാവിലെ നടന്ന മോട്ടിവേഷൻ ക്ലാസ് ലൈജു കോശി നയിച്ചു. കഴിഞ്ഞ പതിനെട്ടു വർഷമായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ചടങ്ങിൽ ആദരിച്ചു.