വളമംഗലത്ത് കുടിവെള്ളത്തിന് ജനം നെട്ടോട്ടത്തില്‍
1538694
Tuesday, April 1, 2025 11:05 PM IST
തുറവൂര്‍: വളമംഗലം മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിത്തുടങ്ങി. തൈക്കാട്ടുശേരി കായലിന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് കിഴക്കന്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജലസ്രോതസുകള്‍ ഓരുവെള്ളം കയറിയതിനാല്‍ നിത്യോപയോഗത്തിന് യോഗ്യമല്ലാതായി മാറി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
തൈക്കാട്ടുശേരി, വളമംഗലം വടക്കും തെക്കും ഭാഗങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. ചില ദിവസങ്ങളില്‍ വെള്ളം ഇവിടെ എത്തുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. പള്ളിത്തോട് തീരപ്രദേശത്തെ അവസ്ഥയും മറ്റൊന്നല്ല. കുത്തിയതോട് പഞ്ചായത്തിലെ തീരപ്രദേശമായ 1, 16 വാര്‍ഡുകളിലും മാസങ്ങളായി കുടിവെള്ളം ലഭിച്ചിട്ട്. ജനങ്ങള്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും സമരപരിപാടികള്‍ നടത്തിയിട്ടും അധികൃതര്‍ കണ്ണുതുറന്നിട്ടില്ല.
തീരദേശ മേഖലയിലെ ഒട്ടുമിക്ക വീടുകളിലും മോട്ടര്‍ ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്നതാണ്് ചാപ്പക്കടവ് മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു കാരണമെന്നാണ് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, ഇത്തരത്തില്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്നവരെ തടയുന്നതിനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ ഇതുവരെ തയാറായിട്ടുമില്ല.
ചാപ്പക്കാട് മേഖലയില്‍ നൂറുകണക്കിനു വീടുകള്‍ ആണ് ഇപ്പോഴും കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. ഗാര്‍ഹിക ഉപയോഗത്തിന് വന്‍തുക നല്കി വെള്ളം വാങ്ങേണ്ട അവസ്ഥയാണിവിടുള്ളത്്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പഞ്ചായത്ത് ലോറിയില്‍ പ്രദേശത്ത് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഉള്‍പ്രദേശത്തെ ജനങ്ങള്‍ വെള്ളം ലഭിക്കാതെ ദുരിതത്തിലാണ്.