പദ്ധതിനിർവഹണം: ചേർത്തല നഗരസഭയ്ക്ക് ഒന്നാം റാങ്ക്
1538436
Monday, March 31, 2025 11:51 PM IST
ചേര്‍ത്തല: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ചേർത്തല നഗരസഭയ്ക്ക് ഒന്നാം സ്ഥാനം. തൻവർഷത്തെയും മുൻവർഷത്തെയും പദ്ധതി വിഹിതത്തിൽനിന്നും 116.64 ശതമാനം തുകയാണ് ചേര്‍ത്തല നഗരസഭ ചെലവാക്കിയത്.
സംസ്ഥാനത്തെ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, നഗരസഭ, കോർപ്പറേഷൻ എന്നിങ്ങനെയുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുക്കുമ്പോഴും ഏറ്റവും മുന്നിൽ ചേർത്തലയാണ്. നഗരസഭയടെ ഏഴു പതിറ്റാണ്ടത്തെ ചരിത്രത്തിൽ ആദ്യമായാണ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഈ വർഷം അനുവദിച്ച പദ്ധതി വിഹിതത്തിൽ 7.45 കോടി രൂപ പൂർണമായും ചെലവഴിക്കുകയും മുൻവർഷ ബാക്കിയിൽ 1.24 കോടി കൂടി ചെലവഴിച്ച് ആകെ 116.64 ശതമാനം ചെലവ് കൈവരിച്ചാണ് നഗരസഭ നേട്ടത്തിലേക്ക് എത്തിയത്.
നൂറുശതമാനം പദ്ധതി ചെലവ് കൈവരിക്കുന്ന ജില്ലയിലെ ഏക നഗരസഭയുമാണ് ചേർത്തല. ട്രഷറിയിൽ പാസാകാനുള്ള തുക കൂടി കൂട്ടുമ്പോൾ ചെലവ് ശതമാനം ഇനിയും വർധിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. മുനിസിപ്പൽ എന്‍ജിനിയറിംഗ് വിഭാഗം അടക്കമുള്ള വിവിധ വിഭാഗങ്ങളുടെ കഠിനാധ്വാനവും നിർവഹണോദ്യോഗസ്ഥരുടെ ഏകോപിത പ്രവർത്തനവും നഗരസഭാ ജീവനക്കാരുടെ അശ്രാന്ത പരിശ്രമവുമാണ് നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കിയതെന്ന് ചെയർപേഴ്സൺ ഷേർളി ഭാർഗവനും സെക്രട്ടറി ടി.കെ. സുജിത്തും അഭിപ്രായപ്പെട്ടു.