തുറവൂര്‍-അരൂര്‍ ഉയരപ്പാത; 60 ശതമാനം പൂര്‍ത്തിയായി
1538693
Tuesday, April 1, 2025 11:05 PM IST
തുറവൂര്‍: തുറവൂര്‍-അരൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ 58 ശതമാനത്തിലധികം ജോലികള്‍ പൂര്‍ത്തിയായതായി ദേശീയപാതാ അഥോറിറ്റി അറിയിച്ചു. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12 കിലോമീറ്ററില്‍ 9 മീറ്റര്‍ ഉയരത്തിലുള്ള 354 തൂണുകള്‍ക്കു മുകളിലാണ് പാതവരുന്നത്.
24 മീറ്റര്‍ വീതിയുള്ള ആറുവരി പാതയാണ് നിര്‍മിക്കുന്നത്്. നിലവില്‍ പാതയുടെ കോണ്‍ക്രീറ്റിംഗാണ് നടന്നുവരുന്നത്. എരമല്ലൂരിലെ ടോള്‍ഗേറ്റും കുത്തിയതോട്, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളിലുള്ള റാംപിന്റെ തൂണുകളുമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
നിര്‍മാണം
പൂര്‍ത്തായാവാന്‍
14 റാമ്പുകള്കൂടി
റാംപുകള്ക്കായി 14 തൂണുകള്‍ ആവശ്യമാണ്്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ അഞ്ചു ഭാഗങ്ങളായാണ് നിര്‍മാണം പുരോഗമിക്കുന്നത്. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളില്‍ അഞ്ചര കിലോമീറ്റര്‍ തൂണുകള്‍ക്കു മുകളില്‍ പാതയുടെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ഈ ഭാഗത്ത് കൈവിരികളാണ് നിര്‍മിക്കാനുള്ളത്. ഇവയുടെ നിര്‍മാണം ആരംഭിച്ചതായും ദേശീയപാത് അധികൃതര്‍ അറിയിച്ചു.
അതിവേഗത്തിലാണ് നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ആധുനക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം മുന്നോട്ടു പോകുന്നത്. മഴക്കാലത്തിനു മുമ്പ് പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റിംഗ് മിശ്രിതം വഹിക്കുന്ന ലോറി മുകളില്‍ കയറ്റിയാണ് കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നത്. അപകടസാധ്യത കൂടുതലാണെങ്കിലും നിര്‍മാണ പ്രവൃത്തികളുടെ വേഗം വര്‍ധിപ്പിക്കാനാണ് ഇങ്ങെ ചെയ്യുന്നത്.
വെള്ളം
കുത്തിയൊഴുകുന്നത് തടയാന്‍ സംവിധാനം
മഴ പെയ്താല്‍ ഉയരപ്പാതയുടെ മുകളില്‍നിന്നുള്ള വെള്ളം റോഡിലേക്കു കുത്തിയൊഴുകുന്നത് ജനങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം പരിഹരിക്കാനായി മഴ വെള്ളം ഒഴുക്കി വിടുന്നതിനായി മീഡിയനില്നിന്നു പാത മുറിച്ച് നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നിര്‍മിക്കുന്ന കാനയിലേക്ക് ബന്ധിപ്പിക്കാന്‍ ഡിഐ പൈപ്പുകള്‍ സ്ഥാപിക്കുമെന്ന് ദേശീയപാത് അധികൃതര്‍ അറിയിച്ചു. അതിനായുള്ള പൈപ്പുകള്‍ എത്തിച്ചതായും അവര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനോടു സമാന്തരമായി ഓട നിര്‍മാണവും വേഗത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഓടയിലേക്കെത്തുന്ന വെള്ളം പൊതുതോടുകളിലേക്ക് ഒഴിക്കിവിടാനായി പഞ്ചായത്തുകളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. കളക്ടറുടെ സാന്നിധ്യത്തില്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും നടപടി വൈകുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കാലവര്‍ഷം തുടങ്ങിയാല്‍ വലിയ വെള്ളക്കെട്ടിനുള്ള സാധ്യതയുണ്ട്.