17 ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലത്തിന് അനുമതി
1538702
Tuesday, April 1, 2025 11:05 PM IST
ആലപ്പുഴ: ലോക്സഭാ മണ്ഡലത്തിലെ 17 ലെവല്‍ക്രോസുകളില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ ഉത്തരവായി. നിര്‍മാണ അന്തിമാനുമതി നല്കിയ മേല്‍പ്പാലങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന് കൈമാറി. ഈ പട്ടിക അനുസരിച്ച് 17 ലെവല്‍ ക്രോസുകളിലായി പുതിയ മേല്പാലങ്ങള് നിര്‍മിക്കും. നിര്‍മാണ ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
കെല്‍ട്രോണ്‍, വയലാര്‍, പതിനൊന്നാം മൈല്‍, പാതിരപ്പള്ളി, തുമ്പോളി, ആശാന് കവല, റസ്റ്റ് ഹൗസ്, പറവൂര്‍, പുന്നപ്ര, പുന്നപ്ര തെക്ക്, തങ്കി, ഒറ്റപ്പുന്ന, ചേര്ത്തസ ട്രാഫിക്, കണിച്ചുകുളങ്ങര, കല്ലന്, ചങ്ങന്‍കുളങ്ങര, വവ്വാക്കാവ്, മുരുകാലയം തുടങ്ങിയ ഗേറ്റുകള്‍ക്ക് പകരമാണ് മേല്‍പ്പാലം നിര്‍മിക്കാനുള്ള അനുമതി ലഭിച്ചത്. കെ.സി. വേണുഗോപാല്‍ എംപിയുടെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് ഈ പതിനേഴ് ഗേറ്റുകളുടെ സ്ഥാനത്ത് മേല്‍പ്പാലം നിര്‍മിക്കാനുള്ള പട്ടിക തയാറാക്കിയത്.
മേല്‍പ്പാലം വരുന്നതോടെ നിലവിലെ ഇവിടങ്ങളിലെ യാത്ര സൗകര്യം കൂടുതല്‍ മെച്ചപ്പെടും. റെയില്‍വേയുടെ അനുമതിയും ഫണ്ടും നേരത്തെ ലഭ്യമായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് പദ്ധതി നീണ്ടുപോയത്.