ആലപ്പുഴ നഗരസഭാ ബജറ്റ് : ലഹരിമുക്ത നഗരത്തിന് പ്രതിരോധസേന
1538102
Sunday, March 30, 2025 11:41 PM IST
ആലപ്പുഴ: ആരോഗ്യം, ശുചിത്വം, ക്ഷേമം, വികസനം, ടൂറിസം എന്നീ സൂചകങ്ങളിൽ ഊന്നി നഗരസഭാ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സിലില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് ബജറ്റ് അവതരിപ്പിച്ചു.
ലഹരിമുക്ത നഗരം ഉപയോഗ വര്‍ധനയ്ക്കെതിരേ മുനിസിപ്പല്‍ തല പ്രതിരോധ സേന രൂപീകരിക്കും. വാര്‍ഡുതലത്തില്‍ ജാഗ്രതാസമിതികള്‍ രൂപീകരിച്ച് ലഹരിയുടെ ഉത്പാദനവും വിതരണവും ഉപയോഗവും കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും വേദിയൊരുക്കും. ഗാര്‍ഹിക പൊതുചടങ്ങുകളില്‍ ലഹരി സത്കാരം ഒഴിവാക്കാനും യുവജനങ്ങള്‍ക്ക് വ്യാപരിക്കുവാനുള്ള ബദല്‍ ആസ്വാദന വേദികളില്‍ സ്പോര്‍ട്സിനു മുന്‍തൂക്കം നല്‍കുന്നതിനും വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തും.
ഈസി കിച്ചണ്‍ പദ്ധതി, സമൃദ്ധി 2025 പദ്ധതി, എല്ലാവര്ക്കും വീട് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. നഗരപരിധിയില്‍ പതിറ്റാണ്ടുകളായി ഉടമസ്ഥാവകാശമില്ലാതെ താമസിക്കുന്ന കുടുംബങ്ങളെ അവര്‍ താമസിക്കുന്ന ഭൂമിയുടെ അവകാശികളാക്കുന്നതിന് നടപടി സ്വീകരിക്കും.
സമ്പൂര്‍ണ കുടിവെള്ള കണക്ഷന് പദ്ധതിക്കായി 100 കോടിയും യുവജനങ്ങള്‍ക്കായി നഗരസഭാതലത്തില്‍ തൊഴില്‍ മേളകളും സംഘടിപ്പിക്കും. തൊഴില്‍ മേളയ്ക്കു മുന്നോടിയായി തൊഴിലന്വേഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തല്‍, അഭിരുചിക്കനുസൃതമായ തൊഴില്‍ ലഭ്യമാക്കുന്നതിന് സാങ്കേതിക സ്ഥാപനങ്ങളുമായി സംയോജിച്ച് പരിശീലനം, ഇന്റര്‍വ്യൂ പരിശീലനം, വ്യക്തിത്വ വികാസ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.
ജൈവ -അജൈവ മാലിന്യ സംസ്കരത്തിന് ഊന്നല്‍ നല് കും. ഹരിത ഗൃഹം പദ്ധതി നടപ്പിലാക്കും. ബയോബിന്‍ ഉപയോഗം കാര്യക്ഷമമാക്കുന്നതിന് പ്രാധാന്യം നൽകും. നഗരസഭ ജൈവവള നിര്‍മാണ യൂണിറ്റ് വിപുലീകരിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, തെളിനീരൊഴുകും ജലാശയങ്ങള്‍, റിംഗ് കംപോസ്റ്റ് നിര്‍മാണം, വിന്‍ഡ്രോ കംപോസ്റ്റ് നിര്‍മാണം, ബയോബിന്‍ ഉപയോഗിക്കുന്നതിനുള്ള യൂസര്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി.
ആരോഗ്യനഗരമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും സേവന ലഭ്യതയുള്ള ആംബുലന്‍സ് സംവിധാനം ഒരുക്കും. വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ മുന്തിയ പരിഗണന നലകുന്നു. സ്ത്രീകള്‍ക്ക് യോഗാ പരിശീലനങ്ങള്‍, എയ്റോബിക് എക്സര്‍സൈസുകള്‍, ഗെയിമുകള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍ അടക്കം ക്രമീകരിച്ച് നഗരത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിലായി രണ്ട് ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ ആരംഭിക്കും.
വിദ്യാഭ്യാസരംഗത്ത് അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സ്കൂളുകൾക്ക് ആവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കെട്ടിടവും ശുചിമുറികളും അടക്കം നവീകരിക്കും. സ്മാര്‍ട്ട് കിച്ചണ്‍, മുഹമ്മദന്‍സ് കൊറ്റംകുളങ്ങര സ്കൂളുകളില്‍ ഫ്ലഡ്ലൈറ്റ് ടര്‍ഫ്, പൊതു വിദ്യാലയങ്ങളില്‍ ആര്‍ഒ പ്ലാന്റുകള്‍ എന്നിവ ക്രമീകരിക്കും.
നഗരസഭാ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയോടെയും ലളിതമായ നടപടിക്രമങ്ങളിലൂടെയും ലഭ്യമാക്കുന്നതിന് ഫ്രണ്ട് ഓഫീസ് സംവിധാനം പരിഷ്കരിച്ച് മെച്ചപ്പെടുത്തും. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളയ റീഗോ രാജു, ഡിപി മധു, ഹരികൃഷ്ണന്, പി. രതീഷ്, സലിം മുല്ലാത്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, ആര്. വിനീത, നസീര്‍ പുന്നയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.