അർത്തുങ്കൽ ഹാർബർ സമരം: വനിതകളും സമരമുഖത്ത്
1538098
Sunday, March 30, 2025 11:41 PM IST
ചേര്‍ത്തല: അർത്തുങ്കൽ ഹാർബർ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിംഗ് ഓഫീസിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വനിതകളുമെത്തി. സത്യഗ്രഹ സമരത്തിന്റെ നാലാം ദിവസം അഞ്ചു വനിതകളാണ് സമരം ഏറ്റെടുത്തത്.
അധികൃതര്‍ ഹാർബാറിനോട് കാണിക്കുന്ന അവഗണനമൂലം സീസൺ സമയങ്ങളിൽ മത്സ്യത്തൊഴിലാളികൾ മറ്റ് ഹാർബറുകളിൽ പണിക്കു പോകേണ്ടിവരുമ്പോൾ വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങളെ നേരിടുന്നത് സ്ത്രീകളാണ്.
നിർമാണം പൂർത്തിയായാൽ നാടിന്റെ മുഖഛായ മാറുന്ന വികസനമായി ഹാർബർ മാറേണ്ട സമയം കഴിഞ്ഞെന്നും സ്ത്രീകൾ സമരമുഖത്ത് വന്നതോടെ ഇത് നാടിന്റെ സമരമായി മാറുമെന്നും സമരം ഉദ്ഘാടനം ചെയ്ത ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ പറഞ്ഞു. രാജു ആശ്രയം, ആന്റണി കുരിശുങ്കൽ, ജിജോ ഫ്രാൻസിസ്, ഔസേഫ് പള്ളിക്കത്തയ്യിൽ, ഷാജി വാലയിൽ എന്നിവർ പ്രസംഗിച്ചു.