ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി
1537897
Sunday, March 30, 2025 5:48 AM IST
മാന്നാർ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മാന്നാർ സ്വദേശി ഹനീഫാണ് വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയത്. ഇരകളായവരെ വിളിച്ചുവരുത്തി മീറ്റിംഗുകൾ കൂടിയ തിരുവല്ലയിലെ ക്ലബ് സെവൻ, റാന്നിയിലുള്ള ഹോട്ടൽ റോളക്സ് എന്നിവിടങ്ങളിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
തട്ടിപ്പിൽ ഹനീഫിനൊപ്പം പങ്കുള്ള കൂട്ടാളികളുടെ വിവരശേഖരണവും അവർക്ക് വേണ്ടിയുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
മാന്നാറിലെ പ്രമുഖരായ ചില നേതാക്കൾ തന്റെ കൈയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഹനീഫ് പോലിസിന് മൊഴി നൽകിയതായി അറിയുന്നു. പണം നൽകിയവർ തന്നെ സഹായിക്കാൻ കാണുമെന്ന വിശ്വാസത്തിലാണ് പണം നൽകിയതെന്ന് കസ്റ്റഡിയിൽ വാങ്ങി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹനീഫ് പോലീസിനോട് പറഞ്ഞു. മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ സി.എസ്. അഭിരാമിന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. ഖത്തർ, ദുബായ് എന്നിവടങ്ങളിൽ വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നു കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 20 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് അരി ഇറക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്.