കിഴിവുകൊള്ള: കർഷർ പാഡി ഓഫീസ് ഉപരോധിച്ചു
1538688
Tuesday, April 1, 2025 11:04 PM IST
മങ്കൊമ്പ്: മില്ലുടമകൾ അമിതമായ കിഴിവ് ആവശ്യപ്പെടുന്നതിനെതിരേ നെൽകർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചു. എച്ച് ബ്ലോക്ക് പഴയപതിനാലായിരം, മണിയങ്കരി, മേച്ചേരിവാക്ക, ഉമ്പുകാട് വരമ്പിനകം തെക്ക്, പെരുമാനിക്കരി തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർ ഉപരോധത്തിൽ പങ്കെടുത്തു.
രാവിലെ പത്തിനു സമരം ആരംഭിച്ചു. തുടർന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസറെത്തി കർഷക നേതാക്കളുമായി സംസാരിച്ചുവെങ്കിലും കിഴിവ് കുറയ്ക്കുന്ന കാര്യത്തിൽ മില്ലുടമകൾ വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരുന്നത് സമരം നീണ്ടുപോകുന്നതിനു കാരണമായി.
ജില്ലാ കളക്ടർ സമരസ്ഥലം സന്ദർശിക്കണമെന്നും നീതിപൂർവകമായ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകർ സമരം തുടർന്നു. സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ക്രിസ് ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, കോൺഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു, വർക്കിംഗ് പ്രസിഡന്റ് പി. ആർ. സതീശൻ, പാടശേഖരസമിതി സെക്രട്ടറിമാരായ തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, രവീന്ദ്രൻ മണിയങ്കരി, ജേക്കബ് നീണ്ടിശേരി, എൻകെഎസ്എസ് കോ-ഓർഡിനേറ്റർ ജോസ് കാവനാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.