ഉയരപ്പാത ആവശ്യം തള്ളി; ഒഎൻകെ ജംഗ്ഷനിൽ അടിപ്പാത നിർമാണമായി
1538106
Sunday, March 30, 2025 11:41 PM IST
കായംകുളം: നിലവിലുള്ള അലൈൻമെന്റിൽ മാറ്റം വരുത്തി കായംകുളത്ത് മൂന്ന് അടിപ്പാതകൾകൂടി നിർമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ദേശീയപാതയിൽ കായംകുളം ഒഎൻ കെ ജംഗ്ഷനിൽ അടിപ്പാത നിർമാണം തുടങ്ങി.
ഇതേത്തുടർന്ന് ഇവിടെ ഗതാഗതത്തിരക്ക് രൂക്ഷമായി. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാതെ അടിപ്പാത നിർമാണം ആരംഭിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. നാലു ഭാഗത്തുനിന്നു ഒരുപോലെ വാഹനങ്ങൾ വരുന്ന ജംഗ്ഷനാണിത്. കാർത്തികപ്പള്ളി - കായംകുളം തീരദേശ റോഡ് ദേശീയപാതയിലേക്ക് ബന്ധിപ്പിക്കുന്ന ജംഗ്ഷൻ കൂടിയാണിത്. ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുമ്പോൾ തീരദേശപാതയിൽനിന്ന് ദേശീയപാതയിലേക്കു കയറാൻ കഴിയാതെ വാഹനങ്ങൾ ഇപ്പോൾ കാത്തുകിടക്കേണ്ട സ്ഥിതിയുണ്ട്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന സിഗ്നൽലൈറ്റ് നീക്കം ചെയ്തതിനാൽ ട്രാഫിക് സംവിധാനം തകർന്നിരിക്കുകയാണ്. ട്രാഫിക് നിയന്ത്രിക്കാൻ പോലീസിനെയും വിന്യസിച്ചിട്ടില്ല. ഇതോടെ ജംഗ്ഷനിൽ ഏതുനിമിഷവും അപകടമുണ്ടാകാവുന്ന അവസ്ഥയാണ്. വാഹനങ്ങൾ നാലുവശത്തേക്കും ചീറിപ്പായുന്നതിനാൽ കാൽനട യാത്രക്കാർ ജീവൻ പണയം വച്ചാണ് ജംഗ്ഷൻ കടക്കുന്നത്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ഉടൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
രാത്രി ഇതുവഴിയുള്ള യാത്ര കൂടുതൽ അപകടകരമാണ്. താത്കാലികമായി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത കരാർ വിഭാഗം തയാറാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കായംകുളം മണ്ഡലത്തിൽ ദേശീയപാത 66ന്റെ നിർമാണവുമായി ബന്ധപ്പെട്ട് എട്ട് അടിപ്പാതകളാണ് നിർമിക്കുന്നത്. ഓച്ചിറ കൃഷ്ണപുരം, കുന്നത്താലുംമൂട് ജംഗ്ഷൻ, ജിഡിഎം ജംഗ്ഷൻ, പുത്തൻ റോഡ് ജംഗ്ഷൻ രാമപുരം ഹൈസ്കൂൾ ജംഗ്ഷൻ കൂടാതെ പുതിയതായി കെഎസ് ആർടിസി ജംഗ്ഷൻ, ഒഎൻകെ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അടിപ്പാത നിർമിക്കുന്നത്. മൂന്നൂറ് മീറ്റർ വ്യത്യാസത്തിൽ മൂന്ന് അടിപ്പാതകൾ നിർമിക്കുന്നുണ്ട്.