മാലിന്യശേഖരണത്തിലും യൂസർഫീ കളക്ഷനിലും തണ്ണീർമുക്കം പഞ്ചായത്തിന് മികച്ച നേട്ടം
1538100
Sunday, March 30, 2025 11:41 PM IST
ചേര്‍ത്തല: മാലിന്യസംസ്കരണ പ്രവർത്തനത്തിൽ ജില്ലയിൽ തന്നെ മികച്ച പ്രകടനവുമായി തണ്ണീർമുക്കം പഞ്ചായത്ത്. മാലിന്യ ശേഖരണത്തിലും യൂസർഫീ കളക്ഷനിലും നൂറുശതമാനം നേട്ടം കൈവരിച്ച പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ള 10,202 വീടുകളിൽനിന്നും 872 സ്ഥാപനങ്ങളിൽനിന്നുമായി പ്രതിമാസം നാലര ടണ്ണോളം മാലിന്യമാണ് ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്നത്.
6,11,500 രൂപയാണ് പഞ്ചായത്തിലെ പ്രതിമാസ യൂസർ ഫീ കളക്ഷൻ. ജില്ലയിലെ ഏറ്റവും വലിയ യൂസർ ഫീ കളക്ഷനിൽ ഒന്നാണിത്. പൂർണമായും ഹരിതമിത്രം ആപ്പ് വഴി മാലിന്യ ശേഖരണവും യൂസര്‍ഫി കളക്ഷനും ഏകോപിപ്പിച്ചാണ് 23 വാർഡുകളിലും പഞ്ചായത്ത് സുവർണനേട്ടം സ്വന്തമാക്കിയത്. മാലിന്യസംസ്കരണ പ്രവർത്തനത്തിലെ നൂറുശതമാനം മികവ് ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം പഞ്ചായത്ത് ഭരണസമിതിയും കേക്ക് മുറിച്ച് ആഘോഷിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, സെക്രട്ടറി പി.പി. ഉദയസിംഹൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. സുരേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിലെനിൻ, അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങളായ മാത്യു കൊല്ലേലിൽ, ഗിരീഷ് മലേപ്പറമ്പിൽ തുടങ്ങിയവര്‍ പങ്കെടുത്തു.