വാടയ്ക്കൽ അറപ്പ പൊഴി തീരം വിനോദസഞ്ചാര ഭൂപടത്തിൽ
1538109
Sunday, March 30, 2025 11:41 PM IST
അന്പലപ്പുഴ: കാറ്റാടിമരങ്ങളുടെ പച്ചപ്പും കാറ്റിന്റെ കുളിർമയും നിറഞ്ഞ വാടയ്ക്കൽ അറപ്പ പൊഴി തീരം ഇനി വിനോദസഞ്ചാര ഭൂപടത്തിൽ. പുന്നപ്ര വടക്ക് പഞ്ചായത്താണ് കടലോരത്തെ ബന്ധിപ്പിച്ചു ടൂറിസം പദ്ധതിക്കു തുടക്കം കുറിക്കുന്നത്.
ഇതോടെ നിലവിൽ ഉള്ളതിനേക്കാളും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികൾ പ്രകൃതി രമണീയത ആസ്വാദിക്കാൻ ഇവിടെ എത്തിത്തുടങ്ങും. ഇതോടെ പ്രദേശത്തിനും വികസനമുണ്ടാകും. അറപ്പ പൊഴി കൂടാതെ പുന്നപ്രയുടെ കിഴക്ക് പൂന്തിരം പാടശേഖരത്തിന് കിഴക്കേ പുറം ബണ്ടായ പൂക്കൈതയാറിന്റെ തീരത്തുമാണ് ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത്.
പൊഴിയുടെയും ആറിന്റെയും ഭാഗമായുള്ള കൈത്തോടുകളും പദ്ധതിയുടെ ഭാഗമായി നവീകരിച്ചു മനോഹരമാക്കും. സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഉല്ലാസ നൗകകളും മറ്റു വിനോദ ഉപകരണങ്ങളുമുണ്ടാകും. ആറുകോടി രുപയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിട്ടുള്ളത്.
ഡിപിആർ പൂർത്തിയാക്കിയ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കു തുടക്കമായി. 2009ൽ മുൻ മന്ത്രി ജി. സുധാകരൻ പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോഴാണ് അറപ്പ പൊഴിക്കു കുറുകെ കെട്ടുറപ്പുള്ള പാലം നിർമിച്ചത്. ഇതോടെ ദേശീയപാതയുടെ വീർപ്പുമുട്ടൽ ഒഴിവാക്കി തീരദേശ റോഡു വഴി ആലപ്പുഴ നഗരത്തിൽ എത്തിച്ചോരാനും തിരിച്ചുള്ള യാത്രയ്ക്കും എളുപ്പമായി.
ഇരുട്ടു പരന്നാൽ വെളിയിൽ നിന്നുള്ള ലഹരി മാഫിയയുടെ താവളമായിരുന്ന ഇവിടെ പോലീസ് അധികാരികളുടെ ശ്രദ്ധ കൂടുതൽ പതിയാനും കാരണമായി. ഡിസംബർ മാസത്തിൽ അറപ്പ പൊഴിയിൽ നടക്കുന്ന പൊന്തുവള്ളം കളി മത്സരവും വിനോദ സഞ്ചാരികളെ ആകർഷിച്ചതോടെ ഇപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ തിരക്കും സായഹ്നത്തിൽ വർധിച്ചുവരുന്നു.