ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: 98.46 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
1538699
Tuesday, April 1, 2025 11:05 PM IST
ചെങ്ങന്നൂർ: ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനായി ഉയർത്തുന്നതിനുള്ള നവീകരണ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. അംബ്രല്ല വർക്കിന്റെ ഭാഗമായി, പ്ലാൻ ഹെഡ്-53 സിഎപി പ്രകാരമുള്ള ഈ പദ്ധതി നടപ്പിലാക്കുന്നതിനായി റെയിൽവേ ബോർഡിന്റെ ധനകാര്യ വിഭാഗത്തിന്റെ അംഗീകാരത്തോടെ 98.46 കോടി അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണ് രണ്ടുതവണ ഡിപിആർ, ഡിസൈൻ, പ്ലാൻ എന്നിവയിൽ മാറ്റം വരുത്തി 222 കോടി ആകുകയും വീണ്ടും 160 കോടിയായി കുറയ്ക്കുകയും ചെയ്തിരുന്നു. പുതുക്കിയ ഡിപിആർ പ്രകാരം ഇപ്പോൾ 98.46 കോടി രൂപയുടെ പദ്ധതിയായിട്ടാണ് അന്തിമ അംഗീകാരം ലഭ്യമായത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ അന്തിമ അംഗീകാരം വൈകുന്നതു സംബന്ധിച്ച് നേരത്തെ പാർലമെന്റിൽ ഉന്നയിക്കുകയും മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് അടിയന്തരമായി പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് നിവേദനം നൽകിയിരുന്നതായി എംപി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനായി സതേൺ റെയിൽവേ ജനറൽ മാനേജർക്കും ബന്ധപ്പെട്ട ധന, ഓഡിറ്റ് വിഭാഗങ്ങൾക്കുമായി ഔദ്യോഗിക അനുമതി ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഈ നവീകരണ പദ്ധതി ചെങ്ങന്നൂർ സ്റ്റേഷനിൽ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ഗ്രീൻ ബിൽഡിംഗ്, ആധുനിക ടിക്കറ്റിംഗ് സംവിധാനങ്ങൾ, മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ എന്നിവ ഒരുക്കുന്നതിനായിട്ടാണ് ലക്ഷ്യമിടുന്നത്. അതിലൂടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഗുണം ലഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പദ്ധതിയുടെ പ്രധാന ചെലവു വിഭജനങ്ങൾ
4മൊത്തം നിർമാണച്ചെലവ് : 90 കോടി
4സിആർആർഎം കുറവ് : 50 ലക്ഷം
4ആകെ നിർമാണ ചെലവ് : 89.50 കോടി
അധിക ചെലവുകൾ:
4യൂട്ടിലിറ്റി ഷിഫ്റ്റിംഗ്: 90 ലക്ഷം
4ഫർണിച്ചർ: 92 ലക്ഷം
4ആർട്ട് വർക്ക്: 23 ലക്ഷം
4ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷൻ: 9 ലക്ഷം
4വിശദമായ ഡിസൈൻ ചാർജുകൾ: 90 ലക്ഷം
4അനിശ്ചിത ചെലവുകൾ (1%): 93 ലക്ഷം
4ഡിപ്പാർട്ട്മെന്റൽ ചാർജുകൾ (5.29%): 4.94 കോടി
4എസ്ഡിഎഫ് (0.1%): 9 ലക്ഷം
4ആകെ അനുവദിച്ച തുക: 98.46 കോടി