നൂറിനോടടുക്കുമ്പോഴും മെയ്വഴക്കവുമായി രാജമ്മ
1538107
Sunday, March 30, 2025 11:41 PM IST
മങ്കൊമ്പ്: നീലംപേരൂർ പഞ്ചായത്തിലെ ഗോകുലം വീട്ടിൽ രാജമ്മയ്ക്ക് വയസ് 93 കഴിഞ്ഞു. പക്ഷേ, രാജമ്മയ്ക്ക് പ്രായം വെറും അക്കങ്ങൾ മാത്രം. ചെറുപ്പക്കാർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഈ വയോധികയ്ക്കു പ്രാപ്യമാണ്. വെളിയനാട് ബ്ലോക്കുപഞ്ചായത്തിന്റെ തുടർബാല്യം എന്ന യോഗ പരിശീലന പരിപാടിയിലൂടെയാണിപ്പോൾ രാജമ്മ ഏറെ ശ്രദ്ധേയയാകുന്നത്. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കു യോഗയിൽ പരിശീലനം നൽകുന്ന 15 ദിവസം മാത്രം ദൈർഘ്യമുള്ള പരിപാടിയാണിത്.
എന്നാൽ, പരിപാടിയിൽ പങ്കെടുത്തതിൽ ഏറ്റവും വേഗത്തിലും മികവിലും യോഗമുറകൾ അഭ്യസിച്ചത് ഈ വയോധികയാണ്. ഭൂജങ്കാസനം, ശശാങ്കാസനം, മേരുഡൻഡാസനം, അർധചക്രാസനം, പശ്ചിമോത്താനാസനം ഇവയെല്ലാം രാജമ്മയുടെ മെയ്വഴക്കത്തിനു നിസാരം.
പ്രായത്തിന്റെ അക്കങ്ങൾ അൽപ്പം വലുതെങ്കിലും സംസാരത്തിലും പ്രവൃത്തിയിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് രാജമ്മയെന്നു യോഗ പരിശീലക ലേഖ കാവാലം പറയുന്നു. എന്തു ചെയ്യാനും മടിയില്ല. ചിരിയോടും ഊർജസ്വലതയോടും മാത്രമേ ഇവരെ കാണാനൊക്കൂ.
65 വർഷങ്ങൾക്കു മുൻപാണ് വിവാഹിതയായി ഈരയിലെത്തിയതെന്ന് രാജമ്മ പറയുന്നു. ഭർത്താവ് മരിച്ചിട്ടു വർഷങ്ങങ്ങളേറെയായി. വിവാഹിതയായി വന്ന കാലം മുതൽ കന്നുകാലികളെ വളർത്തിയാണ് ഭർത്താവിനൊപ്പം കുടുംബം പുലർത്തിയിരുന്നത്. നാലു പെൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്.
അവരെയെല്ലാം വിവാഹം കഴിച്ചയച്ചു. ഇപ്പോൾ മകൾ മിനിക്കൊപ്പമാണ് കഴിയുന്നത്. മിനി നേരത്തേ യോഗാ പഠനം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാജമ്മയും യോഗാ ക്ലാസിനെത്തിയത്. കായിക വഴക്കത്തിൽ മാത്രമല്ല, കലാമികവിലും രാജമ്മ ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പാട്ടുകൾ പാടി മറ്റുള്ളവരുടെ മനംകവരുന്ന ഇവർക്ക് അഞ്ചാം ക്ലാസിൽ പഠിച്ച കവിതകൾ പോലും ഇപ്പോഴും മനഃപാഠമാണ്. പ്രായം മൂന്നക്കത്തോടടുക്കുന്നെങ്കിലും ഈ അമ്മ വിശ്രമിക്കാനില്ല.
ഈര ക്ഷേത്ത്രത്തിനു സമീപത്തായി വർങ്ങളേറെയായി ഒരു ചെറിയ കട നടത്തുകയാണിവർ. അതിലൂടെ തനിക്കാവശ്യമായ വരുമാനവും കണ്ടെത്തുന്നു. അറുപതു കഴിഞ്ഞാൽ കാലം കഴിഞ്ഞു എന്നു ചിന്തിക്കുന്ന തലമുറയ്ക്കു പാഠപുസ്തകമാകുകയാണ് ഈ വയോധിക.