ലഹരിക്കേസുകളില്‍ കേരളത്തിലെ ശിക്ഷാ നിരക്ക് 99 ശതമാനം: മന്ത്രി എം.ബി. രാജേഷ്
1537466
Friday, March 28, 2025 11:27 PM IST
ആലപ്പുഴ: ലഹരിക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട 99 ശതമാനം പേരും കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ‘ജീവിതമാണ് ലഹരി സ്പോര്‍ട്സാണ് ലഹരി’ ജില്ലാപഞ്ചായത്ത് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതലായി ലഹരി ഉപയോഗിക്കുന്നുണ്ട്. ബാഗ്ലൂര്, ഗോവ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ലഹരിയെത്തുന്നത്. ആൻഡമാന്‍, ഡല്‍ഹി, ഹൈദരാബാദ്, ഗോവ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തി കേരളാ പോലീസ് ലഹരി സംഘങ്ങളെ പിടിച്ചിട്ടുണ്ട്.
കേന്ദ്ര ഗവണ്മെന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പിടിച്ചത് 25000 കോടി രൂപയുടെ രാസലഹരിയാണ്. ഈ കാലയളവില്‍ കേരളത്തില്‍ പിടിച്ചത് 60 കോടിയുടെ ലഹരിയാണ്. കുട്ടികള്‍ ലഹരിക്ക് അടിമപ്പെട്ടാല്‍ മാതാപിതാക്കള്‍ അത് മറച്ചുവയ്ക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാതെ കൃത്യമായ ചികിത്സ നല്‍കുക. ഇരകളെ കുറ്റവാളികളായി അല്ല നമ്മള് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലിയോ തേര്ട്ടീന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. എച്ച്. സലാം എംഎല്‍എ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിയോ തേര്ട്ടീന്ത് എച്ച്എസ്എസ് കോര്‍പറേറ്റ് മാനേജ്മെന്റ് മാനേജര്‍ ഫാ. ഫ്രാന്‍സിസ് കൊടിയനാട് മുഖ്യാതിഥിയായി.
ലഹരിമുക്ത കാമ്പയിന് ആന്‍ഡ് ജെപിസി എംജിഎന്‍ആര്‍ഇജിഎസ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ വി. പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന പത്താംതരം ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷനും മന്ത്രി രാജേഷ് നിര്‍വഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഷാന്‍ നിവാസില്‍ കെ. എന്‍. രേവമ്മയുടെ രജിസ്ട്രേഷന് ഫോം മന്ത്രി ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ഏജന്‍സികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ലഹരിക്കെതിരേയുള്ള കാമ്പയിന് പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിക്കുകയാണ്.