വിനോദസഞ്ചാരത്തിന് പ്രതീക്ഷയേകി തോട്ടപ്പള്ളി നാലുചിറ പാലം
1537460
Friday, March 28, 2025 11:27 PM IST
തോട്ടപ്പള്ളി: സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി-നാലുചിറ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടെ പാലത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയില്‍ നിര്‍മിച്ച പാലം സസ്പെന്ഷന് പാലത്തിന്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്.
പ്രീ സ്ട്രെസ്ഡ് ബോക്സ് ഗര്‍ഡര്‍ സാങ്കേതികവിദ്യയും കേബിള്‍-സ്റ്റേയ്ഡ് ഡിസൈനും ചേര്‍ന്നുള്ള സങ്കരമാതൃകയാണിത്. പ്രത്യേകതരം കമ്പികള്‍ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന നിര്‍മാണ രീതിയാണ് കേബിള്‍ സ്റ്റേയ്ഡ് ഡിസൈന്‍. ഇതിനെയാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങള്‍ എന്ന് വിളിക്കുന്നത്.
വാഹനഗതാഗതം തീര്‍ത്തും ഇല്ലാതിരുന്ന പ്രദേശമായിരുന്നു തോട്ടപ്പള്ളിയിലെ നാലുചിറ. ഇല്ലിച്ചിറ, നാലുചിറ പ്രദേശവാസികള്‍ കടത്തുവള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തി കൊട്ടാരവളവിലൂടെ ദേശീയപാതയില്‍ എത്തിയിരുന്നത്.
ആദ്യം 38 കോടി
ദേശീയ ജലപാതയില്‍ ലീഡിംഗ് ചാനലിനു കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ നിര്‍മിച്ച പാലം ആലപ്പുഴയുടെ ടൂറിസം മേഖലയുടെയും കൃഷി, വ്യവസായം എന്നിവയുടെയും വളര്‍ച്ചയ്ക്ക് സഹായകമകും.
2019ലാണ് പാലം നിര്‍മാണം ആരംഭിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. ദേശീയപാത 66 നെയും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയില്‍നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവുവരെ ദേശീയപാതയ്ക്ക് സമാന്തര പാതയായി മാറും.
തോട്ടപ്പള്ളി സ്പില്‍വേയില്‍ ഗതാഗത തടസം ഉണ്ടായാല്‍ സമാന്തര പാതയായി ഈ പാലം പ്രയോജനപ്പെടുത്താം. ആദ്യം 38 കോടി രൂപയാണ് പാലം നിര്‍മാണത്തിനായി വകയിരുത്തിയിരുന്നത്. പുതുക്കിയ സാങ്കേതിക അനുമതി പ്രകാരം 60.73 കോടി രൂപയ്ക്കാണ് പാലം നിര്‍മാണം പൂര്‍ത്തിയാകുന്നത്. ജലഗതാഗതം തടസപ്പെടാതിരിക്കാൻ 70 മീറ്ററുള്ള സെന്റര്‍ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തില്‍ ഒരുക്കിയിരിക്കുന്നത്. 458 മീറ്റര്‍ ആണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയുമുണ്ട്.
ആകെ വീതി 11.2 മീറ്റർ
കാഴ്ചകള്‍ കാണുന്നതിന് നടപ്പാതയോടു ചേര്‍ന്ന് മധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകര്‍ഷണമാണ്. 70 മീറ്റര്‍ വീതമുള്ള മധ്യസ്പാന്‍ കൂടാതെ, 42 മീറ്റര്‍ വീതമുള്ള രണ്ട് സ്പാനുകള്‍, 24.5 മീറ്റര്‍ വീതമുള്ള രണ്ട് സ്പാനുകള്‍, 19.8 മീറ്റര്‍ വീതമുള്ള രണ്ട് സ്പാനുകള്‍, 12 മീറ്റര്‍ വീതമുള്ള 17 സ്പാനുകള്‍ എന്നിവയുള്ള പാലത്തിന്റെ ആകെ വീതി 11.2 മീറ്ററാണ്.
പമ്പാ നദിയുടെയും സമൃദ്ധമായ നെല്‍വയലുകളുടെയും അപ്പര്‍ കുട്ടനാടിന്റെയും അതിമനോഹര കാഴ്ചകളാണ് പാലം സമ്മാനിക്കുന്നത്. പാലത്തില്‍ നിന്നാല്‍ തോട്ടപ്പള്ളി സ്പില്‍വേയും തോട്ടപ്പള്ളി കടപ്പുറത്തെ സൂര്യാസ്തമയവും ലീഡിംഗ് ചാനലിലെ മനോഹരമായ കാഴ്ചകളും കാണാനാകും.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, പുറക്കാട് പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ എന്നിവിടങ്ങളിലൂടെയാണ് പാലം കടന്നു പോകുന്നത്. ജില്ലയുടെ ഗതാഗത രംഗത്തിനൊപ്പം വിനോദസഞ്ചാരമേഖലയ്ക്കും തോട്ടപ്പള്ളി നാലുചിറപ്പാലം മുതല്‍ക്കൂട്ടാവും.