അപ്രോച്ച് റോഡ് പൂർത്തീകരിക്കാതെ ശാര്ങ്ങാകാവ് പാലം
1537775
Sunday, March 30, 2025 2:26 AM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്മണി ശാര്ങ്ങാകാവിനെയും മാവേലിക്കര താലുക്കിലെ നൂറനാട് പഞ്ചായത്തിലെ ആറ്റുവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് ശാര്ങ്ങാകാവ് പാലം. നിർമാണം പൂർത്തികരിച്ച പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന അപ്രോച്ച് റോഡ് നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു.
2018ലെ പ്രളയ ത്തിലാണ് ഇവിടെയുണ്ടായിരുന്ന ഓട്ടോ ബ്രിഡ്ജ് തകര്‍ന്നത്. പിന്നീട് 2019ല്‍ പുതിയ പാലം അനുവദിക്കുകയും പാലം നിര്‍മാണത്തിന്റെ ഉദ്ഘാടനം 2020ല്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമദ് റിയാസ് നിര്‍വഹിക്കുകയും ചെയ്തു. 12.5 കോടി രൂപയാണ് ഫണ്ട് അനുവദിച്ചിരുന്നത്.
പാലംപണി ഒന്നര വര്‍ഷം മുന്‍പ് പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്. അപ്രോച്ച് റോഡിനായി ഇരുകരകളിലും നാല്പത്തിയൊന്ന് സെന്റ് ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഭൂമിക്ക് സെന്റിന് ഒന്നര ലക്ഷം രൂപയുള്ളപ്പോള്‍ ഏറ്റെടുത്ത ഭൂമിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത് ഏഴേമുക്കാല്‍ ലക്ഷം രൂപയാണ്. ഇത് ചില ഉന്നത ഇടപെടല്‍ മൂലമാണെന്ന് നൂറനാട് പഞ്ചായത്ത് ആറ്റുവ വാര്‍ഡ് മെംബര്‍ അഡ്വ. കെ. അനൂപ് പറഞ്ഞു.
ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ അനുവദിച്ച ഫണ്ട് തികയാതെ വന്നപ്പോള്‍ 2.5 കോടി രൂപകൂടി അനുവദിച്ചു. പാലംപണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഏഴ് കിലോമീറ്റര്‍ അധികം സഞ്ചരിച്ചു വേണം അക്കരയെത്താന്‍.
വിഷു ഉത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഉത്സവം കാണാനും നടീല്‍ വസ്തുക്കൾ വാങ്ങാനും ഇവിടെയെത്തുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതുമൂലം ഈ വിഷു ഉത്സവത്തിനും ആറ്റുവായിലുള്ള ഭക്തജനങ്ങള്‍ കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. ഇതിനു പരിഹാരമായി വിഷുവിനു മുന്‍പ് കാല്‍നട യാത്രക്കാര്‍ക്കായി പാലം തുറന്നു കൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവിലെ പാലത്തിന്റെ ആറ്റുവ ഭാഗത്തെ അപ്രോച്ച് റോഡിന്റെ അലൈൻമെന്റില് മാറ്റം വരുത്തിയതിന്റെ പ്രശ്നങ്ങള്‍ സമീപത്തെ വീട്ടുകാരുടെ ആശങ്ക മാറ്റി ഏത്രയും വേഗം പണി പുനരാരംഭിച്ചില്ലങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് വാര്‍ഡ് മെംബര്‍ അഡ്വ. കെ. കെ. അനൂപ് പറഞ്ഞു.