ട്രെയിനിൽനിന്നു വീണ് യുവാവിന് പരിക്ക്
1537889
Sunday, March 30, 2025 5:48 AM IST
അന്പലപ്പുഴ: യാത്രയ്ക്കിടെ ട്രെയിനിൽനിന്നു തെറിച്ചുവീണ് യുവാവിന് പരിക്ക്. നെയ്യാറ്റിൻകര ഉച്ചക്കട തുണ്ടത്തുവീട്ടിൽ വി. വിനീത് (33) ആണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പാളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എങ്ങനെയാണ് യുവാവ് ട്രെയിനിൽനിന്നു വീണത് എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. ട്രെയിനിൽ വാതിലിന്റെ സൈഡിൽ നിന്നപ്പോൾ തെറിച്ച് പാളത്തിലേക്കു വീണതാകാമെന്നു കരുതുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേകാലോടെ തീരദേശപാതയിൽ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കുമിടയിലാണ് അപകടം.
തിരുവനന്തപുരം ഭാഗത്തേക്കു പോയ മാവേലി എക്സ്പ്രസിൽനിന്നാണ് വിനീത് വീണത്. റെയിൽവേഅധികൃതർ അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. പിന്നീട് നീർക്കുന്നം കളപ്പുരയ്ക്കൽ ഘണ്ടാ കർണ സ്വാമി ക്ഷേത്രത്തിനു പടിഞ്ഞാറ് കുറ്റിക്കാടിന് സമീപമാണ് യുവാവ് വീണു കിടക്കുന്നത് കണ്ടത്.ആംബുലൻസെത്തിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.